‘വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല’; രക്ഷാദൗത്യത്തിന്റെ ചെലവ് കേരളത്തിൽനിന്ന് പിടിച്ചുവാങ്ങുന്നതിനെ ന്യായീകരിച്ച് ബിജെപി
സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ സിപിഎം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: രക്ഷാദൗത്യത്തിന്റെ ചെലവ് കേരളത്തിൽനിന്ന് പിടിച്ചുവാങ്ങുന്നതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. വ്യോമസേന നൽകിയ സഹായങ്ങൾ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്ന് വി. മുരളീധരൻ പറഞ്ഞു. വർഷങ്ങളായി വകുപ്പുകൾ തമ്മിൽ സേവനങ്ങൾക്ക് ബില്ല് കൊടുക്കാറുണ്ട് സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാ അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. 1990 മുതൽ വ്യോമയാന നിയമത്തിൽ പറയുന്നതാണ് ഇതെല്ലാം. സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ സിപിഎം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
മുണ്ടക്കൈ പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുവന്നു. കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ കേന്ദ്രസർക്കാർ സഹായം അനുവദിച്ചേനെ. വലിയ സഹായം വാഗ്ദാനം ചെയ്ത എൻജിഒകൾക്കും വ്യക്തികൾക്കും വേണ്ട സ്ഥലം അനുവദിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിന്റെ പേരിൽ ചെലവ് ഈടാക്കാറില്ലെന്നും മറ്റെന്തെങ്കിലും വിഷയങ്ങളിലായിരിക്കാം കേന്ദ്രം പണം ആവശ്യപ്പെട്ടതെന്നും ഗവർണർ ന്യായീകരിച്ചു.
2019 പ്രളയം മുതൽ വയനാട് മുണ്ടക്കൈ ദുരന്തം വരെ നടത്തിയ എയർ ലിഫ്റ്റിങ്ങിനു പണം ആവശ്യപ്പെട്ടാണ് സൈന്യം കത്ത് നൽകിയത്.132 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സർക്കാർ തീരുമാനം.
സൈന്യത്തിന് നൽകാനുള്ള പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കും.എന്നാൽ, ഏത് അക്കൗണ്ടിൽനിന്ന് പണം നൽകണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന നിലപാട് കോടതിയിൽ സ്വീകരിക്കാനാണ് തീരുമാനം. മലയാളിയുടെ അഭിമാന ബോധത്തെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ മീഡിയവണ്ണിനോട് പറഞ്ഞു.