'അനധികൃതമായി പ്രവർത്തിക്കുന്ന ടെന്റ് ക്യാമ്പുകൾ നീക്കം ചെയ്യണം'; നടപടിയുമായി ചിന്നക്കനാൽ പഞ്ചായത്ത്
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഇടുക്കി: ചിന്നക്കനാൽ,സൂര്യനെല്ലി മേഖലകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടെന്‍റ് ക്യാമ്പുകൾക്കെതിരെ നടപടിയുമായി ചിന്നക്കനാൽ പഞ്ചായത്ത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. അനധികൃത ടെന്‍റ് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചിന്നക്കനാൽ,സൂര്യനെല്ലി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 26 ടെന്റ് ക്യാമ്പുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് കാട്ടി ശാന്തൻപാറ പൊലീസാണ് ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. വിനോദ സഞ്ചാരത്തിന്റെ മറവിൽ ലഹരി ഉപയോഗവും അനാശ്യാസപ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ അപകടകരമായ വിധം പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് സഞ്ചാരികളെ പാർപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇതോടെ പഞ്ചായത്ത് അന്വേഷണമാരംഭിച്ചു. ടെന്റ് ക്യാമ്പുകൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും അവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി പറഞ്ഞു. നടപടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ടെന്റുകൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.