സംസ്ഥാനത്ത് കോളറ ഭീതി പടരുന്നു; രോഗലക്ഷണങ്ങളുമായി 14 പേര്‍ ചികിത്സയില്‍
കൂടുതൽ പേരുടെ കോളറ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് എട്ടുപേർക്ക്. തിരുവനന്തപുരത്ത് ഏഴുപേർക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 14 പേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതൽ പേരുടെ കോളറ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.
കോളറ ബാധയുടെ ഉറവിടം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. അതിനിടെ പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഇന്നലെ 13196 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്. മൂന്ന് പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇടുക്കിയിൽ രണ്ടുപേരും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. 145 പേർക്ക് ഡങ്കിയും 10 പേർക്ക് എലിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 42 പേരിൽ എച്ച് 1 എൻ 1 ഉം 10 പേരിൽ എലിപ്പനിയും കണ്ടെത്തി. ഈ മാസം ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്.