കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണു; എഞ്ചിനീയറിംഗ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോതമംഗലം എം.എ കോളജ് വിദ്യാർഥിനി ആൻമരിയ(21) ആണ് മരിച്ചത്
Update: 2024-12-14 16:45 GMT
നേര്യമംഗലം: എറണാകുളം നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ എഞ്ചിനീയറിംഗ് വിദ്യാർഥിനി മരിച്ചു. കോതമംഗലം എം.എ കോളജ് വിദ്യാർഥിനി ആൻമേരി(21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൽത്താഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവിടെയിറങ്ങിയ കാട്ടാന പന മറിച്ചിടുകയും ഇത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആൻമേരി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.