സര്‍വാധിപത്യം ഉറപ്പിക്കാന്‍ കാനം; പുതിയ സി.പി.ഐ സംസ്ഥാന നേതൃനിര നാളെ

രണ്ട് അസിസ്റ്റന്‍റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും

Update: 2022-11-07 01:42 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പുതിയ സംസ്ഥാന നേതൃനിരയെ തീരുമാനിക്കുന്നതിന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം നാളെ ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ സംസ്ഥാന നിർവാഹക സമിതിയെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. പാർട്ടിയുടെ സമ്പൂർണ നിയന്ത്രണം പിടിച്ച കാനം രാജേന്ദ്രന്റെ സർവാധിപത്യം പ്രകടമാക്കുന്ന നിർവാഹക സമിതി ആയിരിക്കും നിലവിൽ വരിക.

പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞതോടെയാണ് പുതിയ നേതൃനിര രൂപീകരിക്കാൻ സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. 21 അംഗ നിർവാഹകസമിതിയെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. ദേശീയ നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. പ്രകാശ് ബാബുവും ദേശീയ കൺട്രോൾ കമ്മിഷൻ അംഗമായ സത്യൻ മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയും. ഭവന നിർമ്മാണ ബോർഡ് ചെയർമാനായി തിരുവനന്തപുരത്തേക്ക് പ്രവർത്തനം മാറ്റിയ പി.പി സുനീർ പകരം ഒരു അസിസ്റ്റന്റ് സെക്രട്ടറിയാകാനാണ് സാധ്യത.

രണ്ടാമത്തെയാളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വി.എസ് സുനിൽ കുമാറിന്റെ പേര് പരിഗണിച്ചിരിന്നുവെങ്കിലും കാനത്തിന് താത്പര്യം ഇല്ലാത്തതുകൊണ്ട് അതിനുള്ള സാധ്യത മങ്ങി. നിർവാഹക സമിതിയിൽ യുവാക്കളെയും സ്ത്രീകളെയും കൂടുതലായി കൊണ്ടുവരാനും സാധ്യതയുണ്ട്. പാർട്ടി ഘടകങ്ങളിൽനിന്ന് ഒഴിഞ്ഞ സാഹചര്യത്തിൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ സി.പി.ഐയുടെ എൽ.ഡി.എഫ് പ്രതിനിധി സംഘത്തിൽനിന്നും മാറും.

കാനം രാജേന്ദ്രൻ, കെ. പ്രകാശ് ബാബു, മന്ത്രി കെ. രാജൻ എന്നിവർ ഇനി എൽ.ഡി.എഫിൽ പാർട്ടിയെ പ്രതിനിധീകരിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച ചർച്ചകളും കൗൺസിലിൽ നടക്കും.

Summary: CPI Kerala state council will meet tomorrow to decide the new state leadership

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News