തീരദേശ പരിപാലന ചട്ടം ല൦ഘിച്ച് നിർമിച്ച കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിച്ചു തുടങ്ങും
2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്
Update: 2022-09-15 01:08 GMT
ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല൦ഘിച്ച് നിർമിച്ച ആലപ്പുഴ പാണാവള്ളി നെടിയൻതുരുത്തിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിച്ചു തുടങ്ങും. 2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാൽ കോവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കൽ നീണ്ടുപോവുകയായിരുന്നു. ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ നേരിട്ടെത്തി റിസോർട്ട് അധികൃതർ കയ്യേറിയ ഭൂമി കഴിഞ്ഞ ദിവസമാണ് തിരിച്ചു പിടിച്ചത്.
പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്. റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി.54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയും.