നവജാതശിശുവിന് അപൂര്‍വ വൈകല്യം; സ്വകാര്യ ലാബുകള്‍ക്കെതിരെ ഡിഎംഒയുടെ റിപ്പോർട്ട്
ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്
ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ അംഗവൈകല്യങ്ങളുമായി നവജാത ശിശു പിറന്നതിൽ സ്വകാര്യ ലാബുകൾക്കെതിരെ ഡിഎംഒയുടെ റിപ്പോർട്ട്. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിനിധികൾഅന്വേഷണത്തിനായി ഇന്ന് ആലപ്പുഴയിലെത്തും. വിദഗ്ധ സംഘം കുഞ്ഞിനെ പരിശോധിക്കും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആശുപത്രി രേഖകൾ ഡിഎംഒ ഓഫീസിന് കൈമാറി.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിക്കുന്നത്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു. സ്കാനിങ് റിപ്പോർട്ടിൽ ഒരു പ്രശ്നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ലാബിൽ ഡോക്ടമാർ തന്നെയാണോ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതിൽ സംശയമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പ്രസവത്തിന്‍റെയന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.
സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്.ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് എടുത്തത്. ആരോഗ്യ വിഭാഗം ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്താൻ കടപ്പുറം W&C സൂപ്രണ്ടിനെ ചുമതലപ്പെടുത്തി . റിപ്പോർട്ട് ഉടൻ ആലപ്പുഴ ഡിഎംഒയ്ക്ക് കൈമാറും. ഡിഎംഒ ജമുനാ വർഗീസിന്‍റെ നേതൃത്വത്തിൽ മറ്റൊരു സമിതിയും അന്വേഷിച്ച് റിപ്പോർട്ട് നൽകും.