'ബിജെപിയിൽ നിന്ന് വോട്ടുകൾ ഒഴുകിയിട്ടുണ്ട്... അത് ചെന്നത് യുഡിഎഫിൽ'- ഇ.പി ജയരാജൻ
"ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐഎയും കൂട്ടുപിടിച്ച് യുഡിഎഫ് നേടിയ വിജയം ജനാധിപത്യത്തിന് അപമാനം"
തിരുവനന്തപുരം: പാലക്കാട് ബിജെപിയിൽ നിന്ന് ചോർന്ന വോട്ടുകൾ കോൺഗ്രസിലെത്തിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അത്രയും വോട്ടുകൾ ഇത്തവണ ബിജെപിക്കില്ലെന്നും ആ വോട്ടുകൾ യുഡിഎഫിൽ എങ്ങനെ എത്തി എന്നത് പരിശോധിക്കണം എന്നും ഇപി പറഞ്ഞു.
ഇപിയുടെ വാക്കുകൾ:
"പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും ഫലങ്ങൾ പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരിന് അനുകൂലമായ ജനവികാരം കാണാൻ കഴിയും. ഈ മൂന്ന് മണ്ഡലത്തിന്റെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ചേലക്കരയിൽ എൽഡിഎഫ് വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അതുപോലെ തന്നെ പാലക്കാടും. വലിയ ജനപിന്തുണ മുന്നണി നേടിയെന്നാണ് പ്രാഥമിക അവലോകനത്തിൽ മനസ്സിലാകുന്നത്.
പക്ഷേ പാലക്കാട്ടെ വോട്ടിംഗ് നിലയിലൂടെ മനസ്സിലാകുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ബിജെപിക്കില്ല എന്നാണ്. വലിയ രീതിയിൽ വോട്ട് ഒഴുകിയിട്ടുണ്ട്. ആ വോട്ട് ചെന്ന് പതിച്ചിരിക്കുന്നതാകട്ടെ യുഡിഎഫിലും. അതെങ്ങനെ യുഡിഎഫിലെത്തി? ആ കാര്യം വരുംദിവസങ്ങളിൽ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനകത്ത് നിന്ന് തന്നെ ഇത് സംബന്ധിച്ച ചില വിവരങ്ങൾ പുറത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.
തൃശൂരിലെ ബിജെപി-കോൺഗ്രസ് ഡീൽ പാലക്കാടുമുണ്ടായി എന്നാണ് സംശയിക്കുന്നത്. കാരണം തൃശൂരിൽ ഞങ്ങളുടെ വോട്ട് വർധിച്ചപ്പോൾ കോൺഗ്രസിന് വോട്ട് കുറഞ്ഞു. കോൺഗ്രസിന് നഷ്ടപ്പെട്ട ആ വോട്ട് കിട്ടിയത് മുഴുവൻ സുരേഷ് ഗോപിക്കാണ്. പാലക്കാട് ബിജെപിക്ക് കുറഞ്ഞ വോട്ട് കോൺഗ്രസിന് കാണുന്നുണ്ട്. അത് അവർ തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ കാണുന്ന മറ്റൊരു കാര്യം, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു എന്നതാണ്. ഇന്ത്യയിൽ ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കലാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്നവരാണ് ജമാഅത്തും എസ്ഡിപിഐയും. അങ്ങനെയുള്ളവരുമായി കൂട്ടുചേർന്ന് യുഡിഎഫ് നേടിയ വിജയം ജനാധിപത്യത്തിന് അപമാനമാണ്".