കോഴിക്കോട് മർക്കസ് കോപ്ലക്‌സിൽ തീപിടിത്തം
ബുധനാഴ്ച രാത്രി 10.45 ഓടെയാണ് മൂന്നാം നിലയിൽ പുസ്തകങ്ങൾ സൂക്ഷിച്ച ഗോഡൌണിൽ തീപിടുത്തമുണ്ടായത്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപാര സമുച്ചയമായ മർക്കസ് കോംപ്ലക്‌സിൽ തീപിടുത്തം. മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് എതിർവശമുള്ള കോംപ്ലക്‌സിൽ ബുധനാഴ്ച രാത്രി 10.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.
മർകസ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. നിരവധി പുസ്തകങ്ങൾ കത്തിനശിച്ചതായി ഫയർ ഫോഴ്‌സും പൊലീസും അറിയിച്ചു.
ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ എന്ന സ്ഥാപനത്തിന്റെ പുസ്തകങ്ങൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗോഡൗൺ പൂർണമായി കത്തിനശിച്ചിട്ടുണ്ട്.