ഗവർണർ - സർക്കാർ പോര് വീണ്ടും; ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്
ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം
തിരുവനന്തപുരം: വീണ്ടും പോരിനൊരുങ്ങി സംസ്ഥാന സർക്കാറും ഗവർണറും. സംസ്ഥാനത്തെ പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസത്തെയും ബാധിക്കുന്ന ബില്ലുകളിൽ അടക്കം ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് . ഇതോടെ ഗവർണർ ഇടയുമെന്ന് സർക്കാരും, മുന്നണിയും വിലയിരുത്തുന്നുണ്ട് . ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം.
അള മുട്ടിയാൽ ചേരയും കടിക്കും എന്ന പ്രയോഗം കേരളത്തിലുണ്ട് . ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതും കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനവും ഇതുമായി കൂട്ടിക്കെട്ടാം. ഒരു വർഷവും 10 മാസവും മുമ്പ് അയച്ച ബിൽ പോലും ഗവർണർ ഒപ്പിട്ടിട്ടില്ല . ബിൽ ഒപ്പിട്ട് തിരികെ വരുമെന്ന പ്രതീക്ഷയിൽ സർക്കാർ കാത്തിരുന്നു . തർക്കങ്ങൾക്കിടയിലും ഗവർണർ വിളിച്ച അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത് വിരുന്നു നൽകുന്നതിനപ്പുറം സർക്കാരിന്‍റം തീരുമാനങ്ങളോട് ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല .
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പലതിലും ഗവർണർ ഒപ്പിട്ടില്ല . ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തു . ചില ബില്ലുകളിൽ മന്ത്രിമാരുടെ വിശദീകരണവും തേടി . എന്നിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആക്കാനുള്ള തീരുമാനവും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല . അതുപോലെ ചില പിഎസ്‌സി അംഗങ്ങളുടെ നിയമനവും. ഇതോടെയാണ് മറ്റു വഴികൾ ഇല്ലാതെ സർക്കാർ നിയമവഴികൾ തേടുന്നത്.
ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനുള്ള നിയമപദേശം സർക്കാർ നേരത്തെ തന്നെ ലഭിച്ചിരുന്നു. അതും ലക്ഷങ്ങൾ ചെലവാക്കി. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർ ഭരണഘടനാ ബാധ്യത നിർവഹിക്കാൻ ബാധ്യസ്ഥനാണ് എന്ന നിയമപദേശമാണ് സർക്കാരിന് ലഭിച്ചത് . ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാൻ വേണ്ടി തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിട്ടുവീഴ്ചയില്ല എന്ന സൂചന ഇതിനോടകം തന്നെ നൽകിയിട്ടുണ്ട് . തന്‍റെ അധികാരത്തെ ചോദ്യം ചെയ്യാൻ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം എന്തിന് ചെലവാക്കി എന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. അതായത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ഗവർണർ സർക്കാർ പോരിലേക്കാണ് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പ്.