പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; മൂഴിയാർ ഡാം തുറന്നു

ആനത്തോട് അണക്കെട്ടിന്റെ ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു

Update: 2023-09-01 18:46 GMT
Advertising

 പത്തനംതിട്ട: പത്തനംതിട്ട കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ ഡാം തുറന്നു. വൈകുന്നേരം ഏഴു മണിയോടെയാണ് മുന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ തുറന്നത്. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവിൽ രണ്ടാം നമ്പർ ഷട്ടർ 50 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്. ആനത്തോട് അണക്കെട്ടിന്റെ ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഗവി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

സായിപ്പിൻ കുഴിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. സായിപ്പിൻ കുഴി തോട്ടിൽ നിന്നുള്ള നീരൊഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇന്ന് വൈകീട്ടോടെയാണ് മൂഴിയാർ മേഖലയിൽ മഴ ആരംഭിക്കുന്നത്. ആറുമണിയോടെ സായിപ്പിൻ കുഴി തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഷട്ടർ തുറക്കുകയായിരുന്നു.

കക്കാട്ടാറിൽ ജലം ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഗവിയിലക്ക് പോകുന്ന വഴി ഇപ്പോൾ താത്കാലികമായി അടച്ചിട്ടുണ്ട്. മൂഴിയാർ ഡാം തുറന്ന വെള്ളം പമ്പ നദിയിലേക്കാണ് ഒഴികിയെത്തുന്നത്. ഇത് പമ്പയിൽ നടക്കുന്ന ആറന്മുള വളളം കളിയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News