പ്രൊവിഡൻസിലെ ഹിജാബ് വിലക്ക്; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി
വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ഇന്ന് മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു
തിരുവനന്തപുരം: കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസിന് മന്ത്രി നിർദേശം നൽകി. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ഇന്ന് മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇതിനിടെ, പ്രൊവിഡൻസ് സ്‌കൂൾ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി. ഹിജാബ് അനുവദിക്കുന്നില്ലെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയായിരുന്നു പ്രതിഷേധം.
പ്ലസ് വൺ അലോട്ട്മെന്റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്‌കൂൾ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നു പ്രൊവിഡന്റ്സ് സ്കൂൾ പ്രിന്‍സിപ്പള്‍ വിദ്യാർത്ഥിയെ അറിയിച്ചത്. സ്‌കൂൾ യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നായിരുന്നു വാദം. ഇതിനെതിരെയാണ് വിദ്യാർത്ഥിയുടെ രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.