പരുന്തുംപാറയിൽ ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്; മുഖ്യപ്രതിയും വലയില്‍
കഴിഞ്ഞ ദിവസമാണ് രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുമായി രണ്ട് പേരെ പരുന്തുംപാറയിൽ നിന്ന് വനം വകുപ്പ് പിടികൂടിയത്
ഇടുക്കി പരുന്തുംപാറയിൽ ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ മുഖ്യപ്രതിയെ വനം വകുപ്പ് പിടികൂടി. പരുന്തുംപാറ ഗ്രാമ്പി സ്വദേശി ഷാജിയാണ് പിടിയിലായത്. തിരുവനന്തപുരം വിതുര സ്വദേശി ശ്രീജിത്ത്, പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ച കാലമായി നടത്തിവന്നിരുന്ന പരിശോധനക്കൊടുവിലാണ് പീരുമേട് പരുന്തുംപാറയിൽ വച്ച് രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിലാക്കുന്നത് .
മുണ്ടക്കയം ഫ്ളയിംഗ് സക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പീരുമേട് പരുന്തുംപാറ ഉൾപെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു.