ഇടുക്കി നെടുങ്കണ്ടം കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച തോക്കുകൾ കണ്ടെത്തി
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്.
ഇടുക്കി: നെടുങ്കണ്ടം കൊലപാതക കേസിൽ കൊലയ്ക്കു ഉപയോഗിച്ച തോക്കുകൾ കണ്ടെത്തി. അറസ്റ്റിലായ മൂന്ന് പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. സണ്ണിയോടുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘങ്ങളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ഒരാളായ ബിനു ചാരായ കേസിൽ പിടിയിലായതിന് പിന്നിൽ സണ്ണിയാണെന്ന തോന്നലാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതിയായ സജിയാണ് സണ്ണിയെ വെടി വച്ചത്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപത്തെ പടുതാക്കുളത്തിലും പറമ്പിലുമായി ഒളിപ്പിച്ച രണ്ട് തോക്കുകളും കണ്ടെടുത്തു.
സണ്ണി കിടന്ന കട്ടിലിനോട് ചേർന്നുള്ള അടുക്കള വാതിലിൽ തറച്ചു കയറിയ അഞ്ച് തിരകൾ കണ്ടെടുത്തതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പോലീസെത്തിയത്. വന്യമൃഗത്തെ വേട്ടയാടിയപ്പോൾ സണ്ണിക്ക് അബദ്ധത്തിൽ വെടിയേറ്റുവെന്നായിരുന്നു പ്രതികളുടെ ആദ്യമൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.