സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ പ്രായപരിധി കര്‍ശനമാക്കിയാല്‍ മുതിര്‍ന്ന നേതാക്കള്‍ നേതൃനിരയില്‍ നിന്ന് ഒഴിയേണ്ടി വരും
കെ.ഇ ഇസ്മയാലിനും സി.ദിവാകരനും 80 വയസ് കഴിഞ്ഞു. എ.കെ ചന്ദ്രന്‍ അടക്കമുള്ള നേതാക്കളും ഒഴിവാക്കപ്പെട്ടേക്കാം
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ 75 വയസെന്ന പ്രായപരിധി സംസ്ഥാനസമ്മേളനത്തില്‍ കര്‍ശനമാക്കിയാല്‍ മുതിര്‍ന്ന നേതാക്കള്‍ നേതൃനിരയില്‍ നിന്ന് ഒഴിയേണ്ടി വരും. കെ.ഇ ഇസ്മയാലിനും സി.ദിവാകരനും 80 വയസ് കഴിഞ്ഞു. എ.കെ ചന്ദ്രന്‍ അടക്കമുള്ള നേതാക്കളും ഒഴിവാക്കപ്പെട്ടേക്കാം. എന്നാല്‍ പ്രായപരിധി കര്‍ശനമാക്കുന്നതിനെതിരെ ശക്തമായ നിലപാട് സമ്മേളനത്തില്‍ സ്വീകരിക്കാനാണ് ഇസ്മയില്‍ പക്ഷത്തിന്‍റെ നീക്കം.
ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി 75 ആക്കി നിജപ്പെടുത്തിയതിന് ചുവടു പിടിച്ചാണ് സംസ്ഥാനനേതൃത്വത്തിലും ഇത് നടപ്പാക്കാന്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. ഇതിനെതിരെ ചില നേതാക്കളുടെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും തീരുമാനത്തില്‍ മാറ്റം വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണം. അങ്ങനെയെങ്കില്‍ മുതിര്‍ന്ന നേതാക്കളായ കെ.ഇ ഇസ്മായിലും സി.ദിവാകരനും നേതൃത്വത്തില്‍ നിന്ന് ഒഴിയേണ്ടി വരും. രണ്ട് പേര്‍ക്കും 80 വയസ് പിന്നിട്ടു. കൗണ്‍സില്‍ അംഗം എ.കെ ചന്ദ്രന്‍ 76 വയസ് പിന്നിട്ടത് കൊണ്ട് അദ്ദേഹത്തെ മാറ്റിയേക്കും. കെ.ആര്‍ ചന്ദ്രമോഹന്‍, വി.ചാമുണ്ണി എന്നിവരും ഒഴിവാക്കപ്പെടുമെന്ന് സൂചനയുണ്ട്. നിലവില്‍ 89 അംഗം സംസ്ഥാന കൗണ്‍സിലും 9 കാന്‍ഡിഡേറ്റ് അംഗങ്ങളുമാണ് സി.പി.ഐക്ക് ഉള്ളത്. കാന്‍ഡിഡേറ്റ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ല. ഒരോ സമ്മേളനത്തിലും 20 ശതമാനം പേരെ പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്നാണ് നേരത്തെ എടുത്തിട്ടുള്ള തീരുമാനം. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കൗണ്‍സിലിലുള്ള 18 പേര്‍ എന്തായാലും ഒഴിയേണ്ടി വരും. സ്റ്റേറ്റ് കൗണ്‍സിലിലെ അംഗങ്ങളില്‍ 40 ശതമാനം പേര്‍ 50 വയസിന് താഴെ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 15 ശതമാനം സ്ത്രീകള്‍ സംസ്ഥാന കൗണ്‍സിലില്‍ വേണമെന്നും സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
പ്രായപരിധി നിശ്ചയിക്കുന്നതില്‍ ഇസ്മായില്‍ അനുകൂലികള്‍ക്ക് ഉള്ള കടുത്ത എതിര്‍പ്പ് സമ്മേളനത്തില്‍ പ്രകടമാകുമെന്നുറപ്പ്. പ്രായപരിധി എന്നത് കേന്ദ്ര നേതത്വത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം മാത്രമാണെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസിലാണെന്നുമാണ് ഇസ്മായില്‍ പക്ഷത്തിന്‍റെ വാദം. ഈ വാദത്തെ കാനം പക്ഷം എങ്ങനെ മറികടക്കുമെന്നാണ് അറിയേണ്ടത്.