ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ മരണം: പ്രതി ബിനോയ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് കണ്ടെത്തി
സുഹൃത്തുക്കൾ വഴി പെൺകുട്ടിക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയതും ബിനോയ് ആണെന്ന് കണ്ടെത്തി
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ ആൺസുഹൃത്തായിരുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.പ്രതി ബിനോയ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും സുഹൃത്തുക്കളെ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ പോക്സോ കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മാത്രമായിരുന്നു പ്രതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. എന്നാൽ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ബിനോയ് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇതുപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പല തവണ പെൺകുട്ടി പീഡനത്തിനിരയായി. പ്രമോഷൻ ഷൂട്ടിനെന്ന് പറഞ്ഞ് പെൺകുട്ടിയെ വർക്കല റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഗർഭിണിയായ പെൺകുട്ടിയെ നിർബന്ധിച്ച് മരുന്നുകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തി. ഇതിന് ശേഷവും പീഡനം നടന്നു.
തുടർന്ന് ഇരുവരും തമ്മിൽ പിണക്കത്തിലായി. സുഹൃത്തുക്കൾ വഴി പെൺകുട്ടിക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയതും ബിനോയ് ആണ്. ഇതോടെയാണ് പെൺകുട്ടി വിഷാദത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. 3 ദിവസത്തേക്കാണ് പ്രതിയെ പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ വർക്കലയിലെ റിസോർട്ടിലും വെള്ളനാട്ടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളും ബിനോയിക്കെതിരെ ചുമത്തിയിട്ടുണ്ട്.