'ഉപതെരഞ്ഞെടുപ്പ് ഫലം ഒരു മാറ്റവും ഉണ്ടാക്കില്ല, വോട്ട് കുറഞ്ഞത് പരിശോധിക്കും'- കെ. സുരേന്ദ്രൻ
"എന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാം തെരഞ്ഞെടുപ്പിന്റെ കാലത്ത് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ചെയ്യുന്നതാണ്... സരിൻ ജയിക്കുമെന്നല്ലേ ഗോവിന്ദൻ പറഞ്ഞത്"
പാലക്കാട്: പാലക്കാട് ജയം പ്രതീക്ഷിച്ചിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് ഫലം കേരള നിയമസഭയിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രന്റെ വാക്കുകൾ:
"സിറ്റിങ് സീറ്റുകൾ നിലനിർത്തി എന്നല്ലാതെ മറ്റ് മാറ്റങ്ങൾ ഒന്നും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. പാലക്കാട് വിജയിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല. വോട്ട് കുറഞ്ഞത് തീർച്ചയായും പരിശോധിക്കും. എന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാം തെരഞ്ഞെടുപ്പിന്റെ കാലത്ത് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ചെയ്യുന്നതാണ്. സരിൻ ജയിക്കുമെന്നല്ലേ ഗോവിന്ദൻ പറഞ്ഞത്. ചേലക്കര പിടിച്ചടക്കും എന്ന് സുധാകരനും സതീശനും പറഞ്ഞു.
വർഗീയശക്തികളുടെ കൂട്ട് പിടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്.. അവരത് പലപ്പോഴും പരീക്ഷിച്ച് വിജയിക്കാറുമുണ്ട്. പക്ഷേ മഹാരാഷ്ട്രയിൽ അവരുടെ അവസ്ഥ കണ്ടില്ലേ. ഭീകരവാദികളെ ഉപയോഗിച്ച് വോട്ട് പിടിക്കുന്നവരുടെ സ്ഥിതി അതാണ്. അധികകാലം അവർക്കാ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോകാനാകില്ല. പിഎഫ്‌ഐയെ ഉപയോഗിച്ചാണ് സതീശൻ പ്രചാരണം മുഴുവൻ നടത്തിയത്. അതിനെതിരായി എൽഡിഎഫ് നടത്തിയ പ്രചാരണം തിരിച്ചടിയായോ എന്ന സംശയവും ഞങ്ങൾക്കുണ്ട്.
നഗരസഭയിൽ മാത്രമല്ല എല്ലാ ബൂത്തുകളിലും ഞങ്ങൾക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. അത് പരിശോധിക്കും. യുഡിഎഫിന്റെ വിജയം അതേ അർഥത്തിൽ പരിഗണിക്കുന്നു, അത് പോലെ തന്നെ ഞങ്ങളുടെ തോൽവിയെയും".