പി എസ് സി വെരിഫിക്കേഷന് പോകുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
യുവതിയെ സേനയുടെ ആംബുലൻസിൽ തന്നെ പിഎസ് സി ഓഫീസിൽ എത്തിച്ച് ഇന്റർവ്യൂവിന് ഹാജറാക്കി
തിരുവനന്തപുരം: പിഎസ് സി വെരിഫിക്കേഷന് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകരായി കേരള അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 9.15നാണ് അരുവിപ്പുറം സ്വദേശി ഗ്രീഷ്മ എന്ന യുവതി പട്ടം പിഎസ് സി ആസ്ഥാന ഓഫീസിൽ ബിയോളജിസ്റ്റ് പോസ്റ്റിലേക്കുള്ള വെരിഫിക്കേഷനായി ടൂ വീലറിൽ പോയത്. ഹൗസിങ് ബോർഡ് ജംഗ്ഷനിൽ വച്ച് മറ്റൊരു കാറുമായി വാഹനം കൂട്ടിയിടിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർ പറഞ്ഞതോടെ യുവതി തന്റെ പി എസ് സി വെരിഫിക്കേഷൻ കാര്യം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
9.45 ന് റിപ്പോർട്ടിങ് സമയമാണെന്ന് അറിയിച്ചതോടെ അഗ്നിരക്ഷാ സേന യുവതിയെ സേനയുടെ ആംബുലൻസിൽ തന്നെ പിഎസ് സി ഓഫീസിൽ കൃത്യ സമയത്തു എത്തിച്ച് ഇന്റർവ്യൂവിന് ഹാജറാക്കി. പിഎസ് സി ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പി എസ് സി ഓഫീസിലെ വീൽ ചെയറിൽ യുവതിയെ ഇന്റർവ്യൂ ബോർഡിന് മുന്നിൽ എത്തിച്ച ശേഷമാണ് സേന തിരികെ പോന്നത്. അഗ്നിരക്ഷാ സേനയുടെ മാതൃകാപരമായ പ്രവർത്തനത്തെ പിഎസ് സി ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. സമയോജിത ഇടപെടലിലൂടെ തന്റെ ജീവനും ജോലിക്കുള്ള പ്രതീക്ഷയും കാത്തു സൂക്ഷിച്ച അഗ്നിരക്ഷാ സേന അംഗങ്ങളോട് ഗ്രീഷ്മയും നന്ദി അറിയിച്ചു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ വിഷ്ണുനാരായണൻ, ജിനു, ശ്രീരാജ്, രുമകൃഷ്ണ, ശരണ്യ, സനൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നത്.