റിയാസ് മൗലവി വധക്കേസ്; പ്രതികൾ പാസ്പോർട്ട് കെട്ടിവെക്കണം, വിചാരണ കോടതി പരിധി വിട്ടുപോകരുതെന്ന് ഹൈക്കോടതി
പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കൊച്ചി: റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസയച്ചു.
വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു. ഏഴുവർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രതികൾ പാസ്പോർട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ പരിധി വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചു. അപ്പീൽ വേനലവധിക്ക് ശേഷം പരിഗണിക്കും.
റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. അഡ്വക്കറ്റ് ജനറലുമായി മുഖ്യമന്ത്രി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അപ്പീലുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.