മാലിന്യടാങ്ക് ശുചീകരണത്തിനിടെ തൊഴിലാളികളുടെ ശ്വാസംമുട്ടി മരണം: ഹോട്ടലുടമയ്‍ക്കെതിരെ കേസെടുത്തു; പോസ്റ്റ്‍മോർട്ടം ഇന്ന്
പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവര്‍ ശ്വാസംമുട്ടി മരിച്ചത്
കോഴിക്കോട്: ഇരിങ്ങാടാൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യടാങ്ക് ശുചീകരണത്തിനിടെ ശ്വാസംമുട്ടി മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‍മോർട്ടം ഇന്നു നടക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ രാവിലെ എട്ടുമണിയോടെ നടപടികൾ ആരംഭിക്കും. പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവര്‍ ശ്വാസംമുട്ടി ദാരുണമായി മരിച്ചത്.
ടാങ്കിന്റെ അശാസ്ത്രീയ നിർമാണവും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ ഹോട്ടൽ ഉടമയ്‍ക്കെതിരെ ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഇരിങ്ങാടൻപള്ളിക്ക് സമീപമുള്ള ഒരു ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കുകയായിരുന്നു തൊഴിലാളികള്‍. പത്തടിയോളം ആഴമുള്ള ടാങ്കിൽ രണ്ടടിയോടം മാലിന്യമുണ്ടായിരുന്നു. ഇതിൽ ആദ്യം ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് രണ്ടാമൻ സഹായിക്കാനായി ഇറങ്ങുകയായിരുന്നു. രണ്ടാമനും ഇതിൽ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.
പിന്നീട് നാട്ടുകാരെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്‍പുതന്നെ ഇരുവരും മരിച്ചു.
Summary: Case was registered against the hotel owner in the case of suffocation death of workers while cleaning Kozhikode garbage tank; Postmortem today