കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വാഹനമോഷണ ശ്രമത്തിനിടെ പിടിയിൽ
2021 ജൂണിൽ പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു പ്രതി
കോഴിക്കോട്: കുതിരവട്ടത്തുനിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ നാട്ടിലേക്ക് കൊണ്ടുവരാനായി അന്വേഷണ സംഘം കർണാടകയിലേക്ക് തിരിച്ചു.
ഇന്നലെ രാത്രിയാണ് കുതിരവട്ടത്തുനിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പ്രതി ഇപ്പോൾ കർണാടക പൊലീസ് കസ്റ്റഡിയിലാണ്.
മഞ്ചേരി സ്വദേശിയായ പ്രതി ഞായറാഴ്ച രാത്രിയാണ് കുതിരവട്ടത്തുനിന്ന് പുറത്തുകടന്നത്. ഫോറൻസിക് വാർഡിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയതിനെ തുടർന്ന് അഗ്നിശമനസേന മാനസികാര്യരോഗ കേന്ദ്രത്തിലെത്തിയിരുന്നു. ആ സമയത്ത് സെല്ലുകൾ തുറന്നപ്പോഴാകാം ഇയാൾ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇയാൾ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥർ അറിയുന്നത് ഇന്നലെ രാവിലെയാണ്.
2021 ജൂണിൽ പെരിന്തൽമണ്ണയിലെ ദൃശ്യ എന്ന പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 27നാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്.
Summary: Accused in murder case, who escaped from Kuthiravattom Government Mental Health Centre, was arrested while trying to steal a car in Karnataka