സിനിമാ നടിമാർക്കൊപ്പം കിടപ്പറ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ
രണ്ട് പ്രമുഖ നടിമാരാണ് പരാതി നൽകിയത്
കൊച്ചി: പ്രമുഖ സിനിമാ നടിമാർ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം യാത്ര ചെയ്യാനും കിടപ്പറ പങ്കിടാനും സൗകര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് വിദേശ മലയാളികളിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. കടവന്ത്രയിൽ 'ലാ നയ്ൽ' സ്ഥാപന ഉടമയും കലൂർ എളമക്കരയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയുമായ ശ്യാം മോഹനനെ (38) ആണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയയിൽ എസ്കോർട്ട് സർവീസ് എന്ന പേരിൽ പരസ്യം നൽകിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവർ പ്രതിയുടെ ഫോൺ നമ്പറിൽ വിളിക്കുകയും പിന്നീട് കച്ചവടം ഉറപ്പിക്കുകയുമാണ് രീതി.
നടിമാരുടെ വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളിൽ വിദേശ മലയാളികൾക്ക് നടിയോടൊപ്പം ചെലവഴിക്കാൻ അവസരം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നിരവധി നടിമാരുടെ പേരുകളിൽ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബർ പൊലീസ് വ്യക്തമാക്കി.
രണ്ട് പ്രമുഖ നടിമാർ നൽകിയ പരാതിയിലാണ് നടപടി. സമാനമായ കേസിൽ മറ്റൊരു പ്രതിയെ കഴിഞ്ഞദിവസം പാലക്കാട് അട്ടപ്പാടിയിൽനിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.