ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു

മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു

Update: 2022-04-22 13:08 GMT
Advertising

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലായിരുന്നു മൊഴിയെടുക്കല്‍. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. മഞ്ജു താമസിക്കുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയാണ് മൊഴി എടുത്തത്.

ദിലീപിന്‍റെ സഹോദരന്‍ അനൂപും ദിലീപിന്‍റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കിയെന്നും മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചു. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണമെന്നും അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും മഞ്ജു വാര്യരുടെ മൊഴി എടുത്തിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞു.

കാവ്യ മാധവന് പുതിയ നോട്ടീസ് നല്‍കും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും കാവ്യയെ ചോദ്യംചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടിൽ മാത്രമേ ചോദ്യംചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയും ആയിരുന്നു കാവ്യ നൽകിയത്. പ്രതി ഉള്ള സ്ഥലത്ത് വെച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാട് ആകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടൻ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ മൊഴി നൽകാനെത്തിയ ഹാക്കർ സായ് ശങ്കറിനോട് വീണ്ടും നാളെ ഹാജരാകാൻ നിർദേശിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകൾ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഇത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News