ദുരന്തബാധിതരെ പെരുവഴിയിലാക്കില്ല, പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം; ടി സിദ്ദീഖ് എംഎൽഎ
പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും ടി. സിദ്ദിഖ് എംഎൽഎ ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു
ദോഹ: മുണ്ടക്കൈ പുനരധിവാസത്തിനുള്ള പട്ടിക തയ്യാറാക്കിയത് ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ ടി സിദ്ദീഖ്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തമായി. ദുരന്തബാധിതരെ പെരുവഴിയിലാക്കില്ലെന്നും പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും ടി. സിദ്ദിഖ് ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു.
പ്രാദേശിക ലോക്കൽ ബോഡികളുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായമെടുക്കാതെ ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്ത് സർക്കാർ ഉണ്ടാക്കിയെടുത്തതാണ് പുനരധിവാസത്തിനുള്ള പട്ടിക. 388ഓളം ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ 65ഓളം വീടുകൾ സമ്പൂർണമായി തകർന്നവരുടെ ലിസ്റ്റിൽ ഡ്യൂപ്ലിക്കേഷൻ വന്നിരിക്കുന്നു. ഇത് എവിടെ നോക്കിയാണ് ഇവർ തയ്യാറാക്കിയതെന്നും സിദ്ദീഖ് എംഎൽഎ ചോദിച്ചു.
682 കോടി രൂപ വയനാടിന് മാത്രം ലഭിച്ച സിഎംഡിആർഎഫ് ഫണ്ടുണ്ട്. അത് കേന്ദ്രവുമായി ബന്ധപ്പെട്ടതല്ല, സംസ്ഥാന സർക്കാറിന് സ്വന്തം നിലക്ക് ഇത് ക്രമീകരിക്കാനാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരാൾ പോലും പട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. ഇപ്പോൾ പ്രസിദ്ധീകരിച്ചത് കരട് പട്ടിക മാത്രമാണ്. ആക്ഷേപം ഉള്ളവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകാം. അർഹത മാത്രമാണ് മാനദണ്ഡം എന്നും റവന്യൂ മന്ത്രി തൃശൂരിൽ പറഞ്ഞിരുന്നു.