കൊല്ലത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: കാമുകനെന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത സ്ത്രീകള്‍
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതിക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനെന്ന പേരിൽ രേഷ്മയോട് ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. 'അനന്തു' എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ചാറ്റിങ്. ഫോൺ വിളികൾ ഉണ്ടായിരുന്നില്ല. രേഷ്മയെ ഇത്തരത്തിൽ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. ഇവരുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. രേഷ്മയെ കളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ബുദ്ധിശൂന്യമായ ഈ പ്രവർത്തിമൂലം നവജാത ശിശുവിന്‍റെ അടക്കം മൂന്ന് ജീവനുകൾ ആണ് നഷ്ടമായത്.
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതിക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസിന്‍റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. ആദ്യഘട്ട അന്വേഷണത്തില്‍ ഇരുട്ടില്‍തപ്പിയ പോലീസ് തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനയിലേക്ക് കടന്നത്. ഇതിനായി സംശയമുള്ളവരുടെ ഡി.എന്‍.എ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചു. ഡി.എന്‍.എ പരിശോധനക്കൊടുവിലാണ് രേഷ്മയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി.
ഇതിനിടെയാണ് പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യ ആര്യ(23), വിഷ്ണുവിന്‍റെ സഹോദരി രജിതയുടെയും മേവനക്കോണം രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകള്‍ ഗ്രീഷ്മ (ശ്രുതി -21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരാണ് വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും രേഷ്മയുമായി ചാറ്റ് ചെയ്തതെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തയിരിക്കുന്നത്.