ഓണവണ്ടിയായി മാറിയ ആനവണ്ടി; ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഓണാഘോഷം
മാവേലിയും ആർപ്പുവിളിയുമൊക്കെയായി ഗംഭീരമായി തന്നെ ആനവണ്ടിയില്‍ ഓണം കൊണ്ടാടി
Update: 2021-08-18 01:35 GMT
ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഒരു ഓണാഘോഷം. വെഞ്ഞാറമ്മൂട് - തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബോണ്ട് സർവീസ് ബസിലാണ് സ്ഥിരം യാത്രക്കാർ ഓണം ആഘോഷിച്ചത്. മാവേലിയും ആർപ്പുവിളിയുമൊക്കെയായി ഗംഭീരമായി തന്നെ ആനവണ്ടിയില്‍ ഓണം കൊണ്ടാടി.
വെഞ്ഞാറമ്മൂട് നിന്ന് പുറപ്പെടുന്ന ഈ ആനവണ്ടിയില്‍ പതിവുകാരാണ് കൂടുതലും ഉണ്ടാകുക. തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന യാത്രക്കിടെയാണ് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ബസിനുള്ളില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. വണ്ടി എടുക്കുന്നതിന് മുന്നേ ബസിനുള്ളില്‍ അത്തപ്പൂക്കളമിട്ട് തുടക്കം. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ബസില്‍ യാത്രക്കാര്‍ക്ക് മധുരവും നല്‍കി. പാട്ടും കളിയും ചിരിയുമൊക്കെയായി ആനവണ്ടി ഓണവണ്ടിയായപ്പോള്‍ യാത്രക്കാര്‍ക്കും ഇതൊരു പുതിയ അനുഭവമായി.