കെ- റെയിൽ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമമെന്ന് വി.ഡി. സതീശൻ; പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി
എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം
കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ- റെയിൽ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കിൽ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ഗെയിലിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. ഭൂമിക്കടിയിലെ ബോംബാണ് ഗെയിലെന്ന് പറഞ്ഞ ഒരാൾ ഇന്ന് മന്ത്രിസഭയിലുണ്ട്. പ്രതിഷേധത്തിനിടെ കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ചപ്പോൾ എവിടെ പോയി ഇവിടുത്തെ വനിതാ കമ്മീഷനെന്നും ബാലാവകാശ കമ്മീഷനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, പ്രതിഷേധങ്ങളെല്ലാം വികസനത്തിനെതിരാണെന്നും നാടിന്‍റെ പുരോഗതിക്ക് തടസം നിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നത്. എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി