നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ; പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ചു
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലെക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. പ്ലെക്കാർഡുകൾ ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷർട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, നജീബ് കാന്തപുരം, റോജി എം ജോൺ, എൽദോസ് കുന്നംപള്ളി എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലെക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. പ്ലെക്കാർഡുകൾ ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയത്. പിആർഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമപ്രവർക്ക് ലഭ്യമാവുന്നത്. മീഡിയാറൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് നൽകാൻ പിആർഡി തയ്യാറായിട്ടില്ല. കോവിഡ് കാലത്ത് മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് തുടരാനാണ് സ്പീക്കറുടെ തീരുമാനം.