പാലക്കാട് തെരഞ്ഞെടുപ്പ് ഫലം; മാരാർജി ഭവനിലും എകെജി സെന്ററിലുമുള്ളവർക്ക് പാഠമെന്ന് പി.മുജീബുറഹ്മാൻ

സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനും സിപിഎമ്മിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെയാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ

Update: 2024-11-23 11:59 GMT
Advertising

കോഴിക്കോട്: സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനും സിപിഎമ്മിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെയാണ് പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതിയതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. 

മുനമ്പം വിഷയത്തെ മുൻനിർത്തി കേരളീയ സമൂഹത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളോടും അതിനെ തോൽപിക്കുംവിധം കൂടുതൽ വർഗീയ രാഷ്ട്രീയം കളിച്ച സിപിഎമ്മിന്റെ അവസരവാദ നിലപാടിനോടും പ്രബുദ്ധ കേരളം കണക്കുതീർത്തതിന്റെ തെളിവാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം.

മുനമ്പം വിഷയം ഒരു തൊട്ടാപൊള്ളുന്ന സംഭവമാക്കി വഖഫിനെതിരിലും മുസ്‌ലിം സമുദായത്തിനെതിരിലും വിദ്വേഷം ജനിപ്പിക്കുന്ന വർഗീയ പ്രചാരണങ്ങൾക്കാണ് സംഘ്പരിവാറും കാസയും നേതൃത്വം നൽകിയത്. മുനമ്പത്ത് താമസിക്കുന്ന ഒരാളെയും കുടിയിറക്കരുതെന്ന നിലപാട് മുസ്‌ലിം സംഘടനകൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോഴും സംഘ്പരിവാറും കാസയുമടങ്ങുന്ന വർഗീയ ശക്തികൾ വെറുപ്പുൽപാദനത്തിൽ ഒരു കുറവും വരുത്തിയില്ല.

സിപിഎമ്മാകട്ടെ, പാലക്കാട്ടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിന്റെ മതേതരപാരമ്പര്യം മുഴുവൻ കാറ്റിൽ പറത്തി അപകടകരമായ ധ്രുവീകരണ രാഷ്ട്രീയമാണ് കളിച്ചത്. അതിനായവർ ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി. സന്ദീപ് വാര്യരെ നഷ്ടപ്പെട്ട ദേഷ്യത്തിന് പണക്കാട് തങ്ങളെവരെ ജമാഅത്തെ ഇസ്‌ലാമിയാക്കി. അവസാനം മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ മുസ്‌ലിം സമുദായത്തിനകത്തെ പത്രങ്ങളെ തന്നെ ഉപയോഗിച്ചു. ഇതിനെല്ലാം ശേഷവും പാലക്കാട്ടുകാർ അവരുടെ രാഷ്ട്രീയ പ്രബുദ്ധത ശക്തമായി തന്നെ പ്രകടിപ്പിച്ചു.

കേരളത്തിലെ പ്രബുദ്ധസമൂഹവും, മുസ്‌ലിം സമൂഹവുമെല്ലാം രാഷ്ട്രീയമായി എത്രയോ പക്വത കൈവരിച്ചവരാണെന്ന യാഥാർഥ്യം ഇനിയെങ്കിലും സിപിഎം തിരിച്ചറിയണം. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലും അതിന്റെ തുടർച്ചയിൽ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിലുമെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങളെ നിരീക്ഷിച്ചു കൊണ്ടും അത് തിരിച്ചറിഞ്ഞുകൊണ്ടുമെല്ലാമാണ് കേരളത്തിലെ മുസ്‌ലിംകളടക്കമുള്ളവർ തങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യാവകാശം ഇന്ന് ഉപയോഗപ്പെടുത്തുന്നത്. അതിനാൽ താൽക്കാലിക നേട്ടത്തിനു വേണ്ടിയുള്ള വർഗീയ മുതലെടുപ്പ് രാഷ്ട്രീയത്തെയും ജമാഅത്തെ ഇസ്‌ലാമിയെ മറയാക്കി നടത്തുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളെയുമെല്ലാം കേരളം അർഹിച്ച അവജ്ഞയോടെ തള്ളികളയുമെന്നത് മാരാർജി ഭവനിൽ നിന്നുള്ളവർക്കെന്നത് പോലെ എ.കെ.ജി ഭവനിലുള്ളവർക്കും പാഠമാണെന്നും അദ്ദേഹം ​സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News