ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ച രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു
മദ്യലഹരിയിലായിരുന്ന രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു
ഇടുക്കി: നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. അടിപിടികേസിൽ പരിക്കേറ്റതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച നെടുങ്കണ്ടം സ്വദേശി പ്രവീണാണ് അക്രമാസക്തനായത്. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ഇയാൾക്ക് ചികിത്സ നൽകിയത്.
ഇന്നലെ രാത്രിയാണ് പ്രവീൺ നെടുങ്കണ്ടം ടൗണിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും കാല്‍നടയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ അടിപിടിയിലാണ് പ്രവീണിന് പരുക്കേറ്റത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നല്‍കുന്നതിനിടെ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ കൈകാലുകൾ ബന്ധിച്ചാണ് ചികിത്സ നൽകിയത്.
പ്രവീണിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. പ്രവീൺ ആശുപത്രി വിട്ട ശേഷം കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നെടുങ്കണ്ടം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.