എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ഹരജി; അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാറിന് ഹൈക്കോടതിയുടെ നിർദേശം

ഈ വർഷത്തെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ല

Update: 2023-05-16 14:13 GMT
Advertising

കൊച്ചി: എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനോടൊപ്പം മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ഈവർഷത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ നിലവിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാർഥികളുടെ മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പരീക്ഷാ ഫലത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് കൂടി ചേർക്കുന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഇത് പരീക്ഷയിൽ നൂറ് ശതമാനവും മാർക്ക് വാങ്ങുന്ന വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.

ഗ്രേസ് മാർക്ക്  കൂടാതെ തന്നെ മികച്ച വിജയം നേടിയ വിദ്യാർഥികൾ പലപ്പോഴും തഴയപ്പെടുന്ന സാഹചര്യം ഉണ്ട്. അതിനാൽ പ്ലസ് ടു പരീക്ഷയിൽ രേഖപ്പെടുത്തുന്നത് പോലെ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തണമെന്ന് ഹരജിക്കാർ വാദിച്ചു. ഇത് പരിഗണിച്ചാണ് വിദ്യാർഥികളുടെ ആവശ്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

ഈ വർഷത്തെ പരീക്ഷാ ഫലം പ്രസിദ്ദീകരിക്കുന്നതിന് മുൻപ് ഇക്കാര്യം നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കണം. അതിന് സാധിച്ചില്ലെങ്കിൽ എത്രയും വേഗം വിഷയം പരിശോധിച്ച് തീരുമാനമെടുക്കാനും കോടതി നിർദേശം നൽകി. കോടതി ഉത്തരവ് ഈ വർഷത്തെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിട്ടു.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ നയപരമായ വിഷയമാണെന്നും വിദ്യാർഥികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന് സമയം വേണമെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എസ്.എസ്.എൽ.സിബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പത്താംക്ലാസ് പരീക്ഷ ഫലം കാത്തിരിക്കുന്ന കോഴിക്കോട് കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പല്ലവി എന്ന വിദ്യാർഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പല്ലവിയുടെ അച്ഛൻ ഷിജിൻ നേരിട്ട് വാദിച്ച കേസിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ പ്രധാനപ്പെട്ട നിർദേശം.

വിധിയുടെ പകർപ്പ്

ഹരജിയുടെ പകർപ്പ്




Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News