'മതേതരത്വത്തിന്റെ, കൂട്ടായ്മയുടെ, പാലക്കാടിന്റെ വിജയം'- രാഹുൽ മാങ്കൂട്ടത്തിൽ

"എന്നെപ്പോലൊരു സാധാരണ പ്രവർത്തകനെ ചേർത്തുപിടിക്കുന്നത് സാധാരണ പശ്ചാത്തലമുള്ളവർക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനം"

Update: 2024-11-23 11:22 GMT
Advertising

പാലക്കാട്: മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവർത്തകനെ ചേർത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവർക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു.

Full View

രാഹുലിന്റെ വാക്കുകൾ:

"ഒരുപാട് സന്തോഷമുണ്ട്. ജീവിതത്തിൽ ആദ്യമായാണ് പ്രസ്ഥാനവും മുന്നണിയുമൊക്കെ മത്സരിക്കാൻ ഒരവസരം തരുന്നത്. ആ അവസരം ഇങ്ങനെ ആയതിൽ സന്തോഷം. ഒരു സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ജനങ്ങളെ കാണുക എന്നതിനപ്പുറം ഒരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിന്റെ പിന്നണിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനപ്പെട്ട നേതാക്കളും പ്രവർത്തകരുമായിരുന്നു.

പാലക്കാട് വന്നിറങ്ങിയ ദിവസം മുതൽ നേതാക്കന്മാരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. പാർട്ടിയുടെ സീനിയർ അംഗങ്ങളൊക്കെ പഞ്ചായത്തിന്റെ ചുമതല വരെ ഏറ്റെടുത്ത് പിന്തുണ നൽകി. ഷാഫി പറമ്പിലിന്റെയും വി.കെ ശ്രീകണ്ഠന്റെയുമൊക്കെ പിന്തുണ സാധാരണ പശ്ചാത്തലമുള്ള പ്രവർത്തകർക്ക് മുന്നണിയിലേക്ക് വരാൻ പ്രചോദനമാണ്. ഞാൻ സംഘടനാ പ്രവർത്തനം കണ്ടുപഠിച്ചത് വിഷ്ണുവേട്ടനെ പോലുള്ള ആളുകളിൽ നിന്നാണ്. പുതുപ്പള്ളി മുതൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

Full View

പാണക്കാട് തങ്ങൾ, എൻ.കെ പ്രേമചന്ദ്രൻ അടക്കമുള്ള മുന്നണിയുടെ നേതാക്കളെത്തിയതും പറയാതിരിക്കാനാവില്ല. പി.കെ ഫിറോസൊക്കെ ലീഗിന്റെ ഒരു സ്ഥാനാർഥിക്ക് വേണ്ടി പോലും ഇത്രയധികം ദിവസം ഒരു മണ്ഡലത്തിൽ ചിലവഴിച്ചിട്ടില്ല. ഒരു കൂട്ടായ്മയുടെ വിജയമാണിത്. പാലക്കാട് ആഗ്രഹിച്ച വിജയം".

പാലക്കാട് 18,840 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 2016ൽ ഷാഫി നേടിയ ഭൂരിപക്ഷത്തിനും മുകളിലെത്തി വമ്പൻ വിജയമാണ് രാഹുൽ നേടിയത്. 17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫിക്കുണ്ടായിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News