ശബരിമലയിൽ അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ്

ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐ.സി.യു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.

Update: 2022-11-29 10:26 GMT
Advertising

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐ.സി.യു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീർത്ഥാടകർക്ക് ഈ സേവനങ്ങൾ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബൈക്ക് ഫീഡർ ആംബുലൻസ്

ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം. മറ്റ് ആംബുലൻസുകൾക്ക് കടന്നു ചെല്ലാൻ പ്രയാസമുള്ള ഇടുങ്ങിയ വഴികളിലും തിരക്കുള്ള പ്രദേശങ്ങളിലും എത്തി രോഗികൾക്ക് പരിചരണം നൽകി സമീപത്തുള്ള ആശുപത്രിയിൽ അല്ലെങ്കിൽ റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുകയാണ് ഇവയുടെ പ്രധാന പ്രവർത്തനം. നഴ്‌സായ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്സിജൻ സംവിധാനം ഉൾപ്പടെ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

4x4 റെസ്‌ക്യു വാൻ

സന്നിധാനത്തുനിന്ന് പമ്പയിലേക്കുള്ള ദുർഘട പാതയിൽ സേവനം ഒരുക്കാനാണ് 4x4 പ്രത്യേക വാഹനം സജ്ജമാക്കിയിരിക്കുന്നത്. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന ഈ വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹാനത്തിൽ ഉണ്ടാക്കും.

ഐ.സി.യു ആംബുലൻസ്

പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ലഭ്യമാണ്.

ശബരിമല തീർത്ഥാടകരുടെ ചികിത്സയ്ക്ക് സുസജ്ജമായ ആശുപത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എ.എൽ.എസ്, ബി.എൽ.എസ് ആംബുലൻസുകൾക്ക് പുറമേയാണ് ഈ സംവിധാനം. തീർത്ഥാടനവേളയിൽ ശ്വാസം മുട്ട്, നെഞ്ചുവേദന ഉൾപ്പടെ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. കനിവ് 108 ആംബുലൻസ് സേവനദാതാക്കളായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് ശബരിമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News