മണ്ഡലകാലം പൂര്‍ത്തിയായി; ശബരിമല വരുമാനം നൂറുകോടിയിലേക്ക്
ദർശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോൾ ഇത് റെക്കോർഡാണ്
മണ്ഡലകാല തീർത്ഥാടനം പൂർത്തിയായപ്പോൾ ശബരിമലയിലെ വരുമാനം 90 കോടി പിന്നിട്ടു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം ലഭിച്ചത് എട്ട് കോടി മാത്രമാണ്. മണ്ഡല തീർത്ഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം പേർ ദർശനത്തിനെത്തിയെന്നാണ് കണക്ക്. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തിൽ എണ്ണി തിട്ടപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദർശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോൾ ഇത് റെക്കോർഡാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019 ൽ വരുമാനം 156 കോടിയായിരുന്നു
അരവണ വിൽപ്പനയിലൂടെ 35 കോടിയും, അപ്പം വിൽപ്പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു. സീസൺ തുടക്കകാലത്ത് 10000 ന് അടുത്ത് തീർത്ഥാടകരാണ് എത്തിയതെങ്കിൽ സമാപന ദിനങ്ങളിൽ തീര്‍ത്ഥാടകരുടെ എണ്ണം 45000 ത്തിലേക്ക് എത്തി. മകരവിളക്ക് തീർത്ഥാടന കാലത്തും വൻ ഭക്തജന തിരക്ക് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.