ഫുട്‌ബോൾ ആരാധകരേ മലപ്പുറത്തേക്ക് വരൂ; സന്തോഷ് ട്രോഫിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
മലപ്പുറം ജില്ലയിലെ വിവിധ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് ടിക്കറ്റുകളുടെ വിതരണം.
മഞ്ചേരി: മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫിക്ക് പന്തുരുളാൻ ഇനി നാല് ദിവസത്തെ കാത്തിരിപ്പ്. ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ത്യൻ ഫുട്‌ബോൾ താരം ആഷിഖ് കുരുണിയൻ നിർവഹിച്ചു.
ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വിഐപി കസേര, വിഐപി ഗ്രാൻഡ് എന്നിവയുടെ സീസൺ ടിക്കറ്റുകളുടെ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ജില്ലയിലെ വിവിധ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് ടിക്കറ്റുകളുടെ വിതരണം. ഫുട്‌ബോൾ ആരാധകരുടെ നാട് ആദ്യമായി വേദിയാകുന്ന എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫിക്ക് കാണികളൊഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
ചാമ്പ്യൻഷിപ്പിന് മലപ്പുറം വേദിയായതിൽ സന്തോഷമുണ്ടെന്നും ചാമ്പ്യൻഷിപ്പ് വൻവിജയമാകുമെന്നും ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ പറഞ്ഞു.
പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗ്യാലറി ദിവസ ടിക്കറ്റിന് നൂറ് രൂപയും, സീസൺ ടിക്കറ്റിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്, കസേരക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും, സീസൺ ടിക്കറ്റിന് 2500 രൂപയുമാണ് വില. വിഐപി കസേരയുടെ ടിക്കറ്റ് ദിവസ നിരക്ക് ആയിരം രൂപയും സീസൺ ടിക്കറ്റ് 10,000 രൂപയുമാണ് ഈടാക്കുന്നത്. 25,000 രൂപയുടെ വിഐപി ഗ്രാൻഡ് സീസൺ ടിക്കറ്റും വിൽപ്പനക്കുണ്ട്. മൂന്ന് പേർക്ക് ഈ ടിക്കറ്റിൽ മുഴുവൻ കളികളും കാണാം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റ് മാത്രമാണ് വിൽപ്പനക്കുള്ളത്. ദിവസ ടിക്കറ്റിന് 50 രൂപയും, സീസൺ ടിക്കറ്റിന് 400 രൂപയുമാണ് കോട്ടപ്പടി സ്റ്റേഡിയത്തിൽ വില നിശ്ചയിച്ചിരിക്കുന്നത്.
Summary: Santhosh Trophy 2022 Ticket Sale Starts