'ഇത് പാലക്കാട്ടെ ജനങ്ങളുടെ വിജയം, ഒരു കള്ളപ്രചാരണവും ഏറ്റില്ല'- ഷാഫി പറമ്പിൽ എംപി

"പാലക്കാട് നിന്നൊരു എംഎൽഎ സഭയിലേക്ക് പോകുമെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്ന് അഹങ്കാരം കൊണ്ട് പറഞ്ഞതല്ല, ജനങ്ങളുടെ സ്‌നേഹം കണ്ട് പറഞ്ഞതാണ്"

Update: 2024-11-23 09:34 GMT
Advertising

പാലക്കാട്: പാലക്കാട്ടേത് ജനങ്ങളുടെ വിജയം എന്ന്  ഷാഫി പറമ്പിൽ എംപി. രാഹുലിന്റെ വിജയം ജനങ്ങൾക്ക് സമ്മാനിക്കുന്നുവെന്നും ഒരു കള്ളപ്രാചരണത്തിനും ജനങ്ങളുടെ വിശ്വാസത്തെ തകർക്കാനാവില്ലെന്നും ഷാഫി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി അടക്കമുള്ള യുഡിഎഫ് നേതാക്കൾ.

ഷാഫിയുടെ വാക്കുകൾ:

"പാലക്കാടിന്റെ രാഷ്ട്രീയവിജയമാണ് രാഹുലിന്റേത്. അവരുടെ മതേതരമൂല്യങ്ങളുടെ വിജയമാണിത്. ടിവിയിലെ കൊടുങ്കാറ്റല്ല 23ലെ റിസൾട്ട് എന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. വിമർശനങ്ങളിൽ അസഹിഷ്ണുത ഉള്ള ആളുകളല്ല ഞങ്ങൾ. പക്ഷേ വേട്ടയാടുന്ന തരത്തിലുള്ള പ്രചാരണമാണ് തുടക്കം മുതലേ ഞങ്ങൾക്കെതിരെ ഉണ്ടായിരുന്നത്. അതിനെയെല്ലാം അതിജീവിക്കുന്ന ജയം ജനങ്ങൾ നൽകി.

പ്രധാനപ്പെട്ട മറ്റൊരു കാര്യം ബിജെപിയെ പാലക്കാട്ട് നിന്ന് മാറ്റാൻ ജനങ്ങൾ തീരുമാനിച്ചു എന്നതാണ്. നഗരഭരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. സിപിഎമ്മുമായി ചേർന്ന് ബിജെപി നടത്തുന്ന അഹങ്കാരം ഇനിയെങ്കിലും അവസാനിപ്പിക്കണം. സിപിഎം പരാജയപ്പെട്ടു, ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും. വടകരയിലെ കാഫിർ, പാലക്കാട്ടെ പത്രപ്പരസ്യം... ഇതുപോലെയുള്ള ശ്രമങ്ങൾ ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. തെരഞ്ഞെടുപ്പിലെ മാധ്യമങ്ങളിലെ സാന്നിധ്യം വോട്ടായി മാറില്ല എന്നതിന് ഇപ്പോൾ രണ്ട് ഉദ്ദാഹരണങ്ങളായി.

കാഫിർ വിവാദം എന്റെ തലയിൽ കെട്ടിവച്ചതിന് പിന്നാലെ സിപിഎം പറഞ്ഞ ഒരു വാചകമുണ്ട്- തെരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞു പോകില്ലേ നാടിനിയും മുന്നോട്ട് പോകില്ലേ എന്നൊക്കെ. അത് അവരോട് തിരിച്ചു ചോദിക്കുകയാണ് ഞാൻ. പാലക്കാട്ടെ ജനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ ആരെക്കൊണ്ടും സാധിക്കില്ല. സ്വന്തം രാഷ്ട്രീയം മുറുകെ പിടിക്കുമ്പോഴും മറുചേരിയിലുള്ളവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആളുകളുടെ നാടാണിത്.

ഒരു കാര്യം കൂടെ പറയാം. ദയവ് ചെയ്ത് ഈ തെരഞ്ഞെടുപ്പിനെ ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്ക് വരച്ചു വയ്ക്കാൻ അവർ തയ്യാറാവരുത്. മൂത്താന്തറയിൽ നിന്നും ചക്കാന്തറയിൽ നിന്നുമൊക്കെ ഞങ്ങൾക്ക് വോട്ട് കൂടിയിട്ടുണ്ട്.. അതിന് മതത്തിന്റെയും ജാതിയുടെയും വേർതിരിവുകളില്ല. പാലക്കാട്ടെ ജനതയുടെ സ്‌നേഹം പോലെ വിശാലമായിട്ടാണ് പാലക്കാട് നിന്ന് ജയിച്ച് രാഹുൽ നിയമസഭയിലേക്ക് പോകുന്നത്.

പാലക്കാട് നിന്നൊരു എംഎൽഎ സഭയിലേക്ക് പോകുമെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്ന് അഹങ്കാരം കൊണ്ട് പറഞ്ഞതല്ല, ജനങ്ങളുടെ സ്‌നേഹം കണ്ട് പറഞ്ഞതാണ്. ആ ജനതയ്ക്കീ വിജയം സമ്മാനിക്കുകയാണ്. അവരുടെ വിജയമാണിത്. 2011 മുതൽ ഇതുവരെ ഞങ്ങളെ വീഴാതെ പിടിച്ചു നിർത്തിയ പാലക്കാട്ടെ ജനങ്ങളെ ഒരിക്കലും മറക്കാനാവില്ല. ജനങ്ങളാണ് രാഷ്ട്രീയത്തിൽ വലുത്. ഒരു കള്ളപ്രചാരണത്തിനും ഒരു ഭരണകൂട ഗൂഢാലോചനയ്ക്കും അതിനെ ഇല്ലാതാക്കാൻ സാധിക്കില്ല".

പാലക്കാട് 18,840 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 2016ൽ ഷാഫി നേടിയ ഭൂരിപക്ഷത്തിനും മുകളിലെത്തി വമ്പൻ വിജയമാണ് രാഹുൽ നേടിയത്. 17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫിക്കുണ്ടായിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News