എക്‌സൈസ് ഡിവിഷൻ ഓഫീസിലെ കൈക്കൂലി: 14 ഉദ്യാഗസ്ഥർക്ക് സസ്‌പെൻഷൻ
കള്ളുശാപ്പ് ഉടമകളിൽ നിന്നും വാങ്ങിയ പണമാണിതെന്നും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യാനാണ് ഈ പണമെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു
പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് കൈക്കൂലി പണം പിടികൂടിയതിൽ 14 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എക്സൈസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ എം.എം നാസർ , എക്സൈസ് എൻഫോഴ്സ്മെന്റ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ് , ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.അജയൻ, ചിറ്റൂർ റെയ്ഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ഇ. രമേശ് ഉൾപെടെ 14 പേരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഈ മാസം പതിനാറാം തിയ്യതിയാണ് എക്സൈസ് ഡിവിഷണൽ ഓഫീസ് അറ്റന്ററായ നൂറുദ്ദീന്റെ വാഹനത്തിൽ നിന്നും 1023600 രൂപ വിജിലൻസ് സംഘം പിടികൂടിയത്. കള്ള് ഷാപ്പ് ഉടമകളിൽ നിന്നും പിരിച്ചെടുത്ത കൈകൂലി പണം വിവിധ ഓഫീസുകളിൽ വിതരണം ചെയ്യനായാണ് നൂറുദ്ദീൻ പോയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ എക്സൈസ് വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
പാലക്കാട് എക്‌സൈസ് വകുപ്പിൽ കൂട്ടത്തോടെയുള്ള രണ്ടാമെത്തെ സസ്‌പെൻഷനാണിത്. നേരത്തെ വ്യാജകളള് നിർമ്മാതാക്കളിൽ നിന്നും പണം പിടികൂടിയ സംഭവത്തിലും എക്സൈസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തിരുന്നു.