തങ്കയങ്കി ഇന്ന് ശബരിമല സന്നിധാനത്തെത്തും; മഹാദീപാരാധന വൈകിട്ട് 6.30 ന്
മണ്ഡലപൂജയോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൊലീസും ദേവസ്വം ബോർഡും പൂർത്തിയാക്കിയിട്ടുണ്ട്
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. വൈകിട്ട് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും നാളെ മണ്ഡല പൂജയും നടക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ളവർ ശബരിമലയിലെത്തിയിട്ടുണ്ട്.
പെരുന്നാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും ളാഹ സത്രവും പ്ലാപ്പള്ളിയും നിലയ്ക്കലും പിന്നിട്ട് ഉച്ചയോടെയാണ് ഘോഷയാത്ര പമ്പയിലെത്തുക. പമ്പയിലെ വിശ്രമത്തിന് ശേഷം മൂന്ന് മണിയോടെ ശരംകുത്തിയിലെത്തുന്ന യാത്രക്ക് തന്ത്രിയുടെ പ്രതിനിധികൾ ചേർന്ന് ആചാരപരമായ സ്വീകരണം നൽകും. തങ്കയങ്കിയും വഹിച്ച് മൂന്ന് ദിവസത്തെ പ്രായാണം പൂർത്തിയാക്കിയെത്തുന്നവരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനും ചേർന്ന് പതിനെട്ടാം പടിയിൽ സ്വീകരിക്കും. തുടർന്ന് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കുക.
മണ്ഡലപൂജയോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൊലീസും ദേവസ്വം ബോർഡും പൂർത്തിയാക്കിയിട്ടുണ്ട്.മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ളവർ ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി.
വെർച്വൽ ക്യൂ മുഖേന ഇന്ന് 80369 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത് . എന്നാൽ ദർശനം നടത്തിയ ശേഷം ഇവരിലെ ഭൂരിപക്ഷം പേരും സന്നിധാനത്ത് തന്നെ വിരിവെച്ച് തങ്ങാനിടയുണ്ട്. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന മണ്ഡല പൂജയോടനുബന്ധിപ്പ് ശബരിമലയിൽ വൻ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്ന ഉച്ചക്ക് 12.30 നും ഒരു മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക.