ഡോക്ടറുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു
കൊല്ലം: വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വനിതാ ഡോക്ടറുടെ മരണത്തിൽ ഐ.എം.എ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്കിയിരിക്കുകയാണ്. സർക്കാർ ,സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിലാണ്. അത്യാഹിത വിഭാഗം ഒഴിച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുക. സംഭവത്തിൽ ഒരു മണിക്ക് ആക്ഷൻ കൗൺസിൽ യോഗം ചേരും.
യുവ ഡോക്ടറുടെ മരണത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടുക. ഉച്ചക്ക് 1.45 ന് പ്രത്യേക സിറ്റിങ് നടത്തും. ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് വനിതാ ഡോക്ടർ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയാണ് മരിച്ചത്. 22 വയസായിരുന്നു. കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് വന്ദന മരണപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. അധ്യാപകനായ പ്രതി ലഹരിക്ക് അടിമയായതിനാൽ നിലവിൽ സസ്പെൻഷനിലാണ്. കൊല്ലം അസീസിയ മെഡി കോളേജിലെ വിദ്യാർഥിനിയായ വന്ദന ഹൗസ് സർജൻസിക്കായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.
ഡ്രെസ്സിങ് റൂമിലേക്ക് കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മറ്റുള്ളവരെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ മുറിയിൽ പൂട്ടി ഇടുകയും തുടർന്ന് പ്രതിക്കൊപ്പം മുറിയിൽ അകപ്പെട്ട ഡോക്ടറെ പ്രതി ക്രൂരമായി അക്രമിക്കുകയുമായിരുന്നു. ഡോക്ടർ വന്ദനക്ക് കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്ത് ഏറ്റിരുന്നു.
ഡോക്ടറുള്‍പ്പടെ അഞ്ച് പേരെയാണ് പ്രതി കുത്തിപരിക്കേൽപ്പിച്ചത്. പൂയപ്പള്ളി സ്റ്റേഷൻ പൊലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥൻ മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൂടുതൽ പൊലീസ് എത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.