ബേപ്പൂരില്‍ നിന്ന് കാണാതായ മത്സ്യബന്ധന ബോട്ട് ഇനിയും കണ്ടെത്തിയില്ല

ഉള്‍ക്കടലില്‍ ഡോര്‍ണിയര്‍ വിമാനത്തിന്‍റെ സഹായത്തോടെ തെരച്ചില്‍ പുരോഗമിക്കുകയാണ്

Update: 2021-05-21 08:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബേപ്പൂരില്‍ നിന്ന് കാണാതായ മത്സ്യബന്ധന ബോട്ട് ഇനിയും കണ്ടെത്താനായില്ല. ഉള്‍ക്കടലില്‍ ഡോര്‍ണിയര്‍ വിമാനത്തിന്‍റെ സഹായത്തോടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡിനൊപ്പം നാവിക സേനയുടെ കൂടി സഹായം തേടണമെന്ന് ബോട്ടുടമകള്‍ ആവശ്യപ്പെട്ടു. ഈ മാസം 5 ന് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ഷാ എന്ന മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് കോക്ടേ ചുഴലിക്കാറ്റിന് ശേഷം വിവരമൊന്നുമില്ല. തമിഴ്നാട്ടിലെ കുളച്ചല്‍ സ്വദേശികളായ 10 പേരും 5 പശ്ചിമബംഗാള്‍ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുമായി ബന്ധപ്പെടാന്‍ പിന്നീട് സാധിച്ചിട്ടില്ല. കാറ്റിന് ശമിച്ചതിന് ശേഷം നടന്ന തെരച്ചിലിലും ബോട്ട് കണ്ടെത്താനായില്ല. ഇതോടെയാണ് ഡോര്‍ണിര്‍ വിമാനങ്ങളുപയോഗിച്ച ഗോവന്‍ ഉള്‍ക്കടലില്‍ തെരച്ചിലാരംഭിച്ചത്. ഈ ഘട്ടത്തില്‍ കോസ്റ്റ് ഗാര്‍ഡിനൊപ്പം നാവിക സേനയുടെ കൂടി സഹായം തേടണമെന്നാണ് ബോട്ടുടമകള്‍ ആവശ്യപ്പെടുന്നത്.

ആദ്യം ബോട്ട് സുരക്ഷിതമാണെന്ന വിവരമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലും കൊച്ചിയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനവും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിട്ടും ഇപ്പോള്‍ ബോട്ട് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നേവിയുടെ സഹായം തേടണമെന്ന് ബോട്ടുടമകള്‍ ആവശ്യപ്പെടുന്നത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News