'ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം, പിന്നിൽ സംഘ് പരിവാറും യു.ഡി.എഫും'; ദേവസ്വം മന്ത്രി
വിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ശ്രമം നടക്കുന്നതായും മന്ത്രി മീഡിയവണിനോട്
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യുഡിഎഫും സംഘപരിവാറും ആകാമെന്നും ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ശ്രമം നടക്കുന്നതായും ഹൈക്കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
'തനിക്കും മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ഭക്തരെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നു. ചിലർക്ക് ഇംഗ്ലീഷിൽ എഴുതിക്കൊടുത്താണ് മുദ്രാവാക്യം വിളിപ്പിക്കുന്നത്. എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കാനാണ് പൊലീസിന് നൽകിയ നിർദേശം. തൃശൂർ പൂരത്തെ വരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു . ഹിന്ദു വിശ്വാസങ്ങളെ ചൂഷണം ചെയ്യാൻ രാജ്യത്താകെ ശ്രമം നടക്കുന്നു'.. മന്ത്രി പറഞ്ഞു.