അനീതി തുടരുമ്പോള്‍ മലപ്പുറത്തുകാര്‍ എങ്ങനെ വികാരപ്പെടാതിരിക്കും

മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവിന്റെ വിഷയത്തില്‍ 'മലപ്പുറം ജില്ല പറഞ്ഞ് വികാരമുണ്ടാക്കുന്നത് ഗുണകരമല്ല' എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയോട് കണക്കുകള്‍ നിരത്തിയുള്ള പ്രതികരണം.

Update: 2024-05-17 04:25 GMT
Advertising

മലപ്പുറം ജില്ലയില്‍ 85 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളും 88 എയ്ഡഡ് ഹയര്‍സെക്കന്ററികളുമാണുള്ളത്. രണ്ടിലുമായി 839 ബാച്ചുകള്‍. അടിസ്ഥാനപരമായി ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികളാണ് ഉണ്ടാവേണ്ടത്. അങ്ങനെയാകുമ്പോള്‍ 41,950 പ്ലസ് വണ്‍ സീറ്റുകളാണ് യഥാര്‍ഥത്തില്‍ പൊതുമേഖലയില്‍ ജില്ലയിലുള്ളത്. ഈ വര്‍ഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79,730 ആണ് (CBSE യും ICSE യുടെയും റിസല്‍റ്റ് വരുമ്പോള്‍ ഇതിനിയും വര്‍ധിക്കും). പൊതുമേഖയില്‍ നിലവില്‍ 3,7780 പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്നര്‍ഥം.

ജില്ലയില്‍ വി.എച്ച്.എസ്.ഇ സീറ്റുകള്‍ 2790 ആണ്. ഐ.ടി.ഐ 1124. പോളിടെക്‌നിക് 1360. അതായത് പ്ലസ് വണ്‍ അല്ലാതെ പൊതുമേഖലയില്‍ ഉള്ള പഠന സാധ്യതകള്‍ 5274 ആണ്. അപ്പോഴും 32,506 സീറ്റുകളുടെ കുറവുണ്ടെന്നര്‍ഥം. ഈ കുറവ് നികത്താനാവശ്യമായ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിന് പകരമാണ് കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററിയില്‍ ഓരോ ബാച്ചിലും 30 ശതമാനവും എയ്ഡഡില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിക്കുന്നത്. ഇത് അമ്പത് പേര്‍ ഇരിക്കേണ്ട ഒരു ക്ലാസില്‍ 65 കുട്ടികള്‍ പഠിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ 30 മുതല്‍ 50 വരെ കുട്ടികള്‍ ഒരു ക്ലാസില്‍ പഠിക്കുമ്പോഴാണ് മലപ്പുറമടക്കമുള്ള മലബാര്‍ ജില്ലകളില്‍ 65 പേര്‍ തിക്കിഞ്ഞെരുങ്ങി പഠിക്കേണ്ടിവരുന്നത്. ആവശ്യമായ അഡീഷണല്‍ ബാച്ചുകളനുവദിക്കല്‍ മാത്രമാണ് പരിഹാരമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച കമീഷനടക്കം പറയുമ്പോഴും പ്രശ്‌നം മലബാറില്‍ മാത്രമായതിനാല്‍ ഖജനാവില്‍ സാമ്പത്തിക മാന്ദ്യമാണ്.

അണ്‍ എയ്ഡഡ് മേഖലയിലാവട്ടെ ജില്ലയിലുള്ളത് 11,275 സീറ്റുകള്‍ മാത്രമാണ്. ഫീസുള്ളതിനാലും മറ്റും അതിലധികവും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. അത് മുഴുവന്‍ ഉപയോഗപ്പെടുത്തിയാല്‍ പോലും 10,581 പേര്‍ക്ക് ഉപരിപഠന സാധ്യത മലപ്പുറം ജില്ലയിലില്ല.

ഇനി 30 ശതമാനം വര്‍ധനവ് അനുവദിച്ച് ഒരു ക്ലാസില്‍ 65 പേര്‍ തിങ്ങിയിരുന്നാലും മലപ്പുറം ജില്ലയില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍ പുറത്തു തന്നെയായിരിക്കും. 32,506 കുട്ടികളാണ് മറ്റ് ഉപരിപഠന സംവിധാനങ്ങളടക്കം ഉപയോഗപ്പെടുത്തിയാലും സീറ്റില്ലാതെ പുറത്ത് നില്‍ക്കുന്നത്. അതിലേക്ക് 10,650 പ്ലസ് വണ്‍ സീറ്റുകളാണ് 30%/20% വര്‍ധനവിലൂടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉണ്ടാവുക. 21,856 ഉപരിപഠന സീറ്റുകള്‍ അപ്പോഴും മലപ്പുറം ജില്ലയിലുണ്ടാവില്ല. ഫീസ് കൊടുത്ത് പഠിക്കേണ്ട അണ്‍ എയ്ഡഡ് സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്ന് പറയേണ്ടതില്ലല്ലോ. തെക്കന്‍ ജില്ലകളില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ കുട്ടികളില്ലാതെ ബാച്ചുകള്‍ തന്നെ ഒഴിഞ്ഞിരിക്കുന്ന സന്ദര്‍ഭത്തിലാണ് മലബാറില്‍ ഈ പ്രതിസന്ധിയെന്നോര്‍ക്കുക.

അണ്‍ എയ്ഡഡ് മേഖലയിലാവട്ടെ ജില്ലയിലുള്ളത് 11,275 സീറ്റുകള്‍ മാത്രമാണ്. ഫീസുള്ളതിനാലും മറ്റും അതിലധികവും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. അത് മുഴുവന്‍ ഉപയോഗപ്പെടുത്തിയാല്‍ പോലും 10,581 പേര്‍ക്ക് ഉപരിപഠന സാധ്യത മലപ്പുറം ജില്ലയിലില്ല.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലപ്പുറം ജില്ലയിലിങ്ങനെ കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പഠന സൗകര്യമില്ലാതെ പെരുവഴിയില്‍ നില്‍ക്കുന്നു. എല്ലാ മെയ്-ജൂണ്‍ മാസങ്ങളിലും വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് സമരം ചെയ്യുന്നു. ആവശ്യമായ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ഈ സമരാവശ്യത്തിന് പതിനഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. ഇതുവരെ മലപ്പുറത്തുകാരുടെ ഈ ആവശ്യത്തിന് ചെവികൊടുക്കാന്‍ സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ തയാറായിട്ടില്ല.

മലപ്പുറമടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ജനങ്ങള്‍ ഒരേ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. കൂടുതല്‍ നികുതി ലഭിക്കുന്നത് മലബാര്‍ ജില്ലകളില്‍ നിന്നാണ് എന്നാണറിവ്. എന്നിട്ടും പൗരന്‍മാരുടെ അടിസ്ഥാനാവശ്യമായ സ്‌കൂള്‍ വിദ്യാഭ്യാസ സൗകര്യം പോലും മലപ്പുറമടക്കമുള്ള മലബാര്‍ മേഖലയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവുന്നില്ലെന്നത് ജനാധിപത്യ മര്യാദയില്ലായ്മയാണ്.

സ്ഥിരം ബാച്ചിന് പകരം ഒരു വര്‍ഷം മാത്രം വാലിഡിറ്റിയുള്ള സീറ്റു വര്‍ധനവും ചില താല്‍ക്കാലിക ബാച്ചുകളും അനുവദിച്ച് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പൊടിക്കൈകളാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഈ അനീതി കണക്കുകള്‍ സഹിതം തുറന്നു കാണിക്കുമ്പോള്‍ മന്ത്രി പറയുന്നു ഈ വിഷയത്തില്‍ മലപ്പുറത്തിന്റെ പേരില്‍ വികാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്. മലപ്പുറമടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ജനങ്ങള്‍ ഒരേ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. കൂടുതല്‍ നികുതി ലഭിക്കുന്നത് മലബാര്‍ ജില്ലകളില്‍ നിന്നാണ് എന്നാണറിവ്. എന്നിട്ടും പൗരന്‍മാരുടെ അടിസ്ഥാനാവശ്യമായ സ്‌കൂള്‍ വിദ്യാഭ്യാസ സൗകര്യം പോലും മലപ്പുറമടക്കമുള്ള മലബാര്‍ മേഖലയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവുന്നില്ലെന്നത് ജനാധിപത്യ മര്യാദയില്ലായ്മയാണ്. ഒരു പ്രദേശത്തെ ജനതക്കൊന്നടങ്കം നിലനില്‍ക്കുന്ന സംസ്ഥാന ഭരണസംവിധാനത്തില്‍ അസംതൃപ്തിയും അവിശ്വാസവും ഉണ്ടാക്കാനേ ഇത് വഴിവെക്കൂ. അതില്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെയും രാഷ്ട്രീയ ഭേദമന്വേ ജനാധിപത്യ പാര്‍ട്ടികളുടെയും ബാധ്യതയാണ്. അതെല്ലാവരും ഓര്‍ത്ത് പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബഷീര്‍ തൃപ്പനച്ചി

Writer, Research Scholler

Similar News