വലസൈ പറവകള്‍: നിത്യദുഃഖത്തിന്റെ നേര്‍ക്കാഴ്ച

ദേശാടന പറവകള്‍ എന്ന അര്‍ഥമാണ് തമിഴില്‍ വലസൈ പറവകള്‍ എന്ന വാക്കിന് കല്‍പ്പിക്കുന്നത്. പേരിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് ഉള്ളടക്കം. തമിഴ്‌നാട്ടില്‍ നിന്നും തേയിലതോട്ടം പണിക്കായി വന്ന മനുഷ്യരുടെ അസ്ഥിത്വപ്രതിസന്ധിയെ കൂടി ചിത്രം അഭിസംബോധന ചെയ്യുന്നു.

Update: 2024-03-08 15:53 GMT
Advertising

ഇടുക്കിയിലെ ഒരു മലയോര ദേശത്തിനെ ആഖ്യാനഭൂമികയാക്കി അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലേക്ക് നേര്‍ക്കാഴ്ച നല്‍കുകയാണ് സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത 'വലസൈ പറവകള്‍' എന്ന ചിത്രം. സ്വാതന്ത്ര്യപൂര്‍വകാലഘട്ടത്തില്‍ മൂന്നാറിലേക്ക് തേയില തോട്ടം തൊഴിലാളികളായി വന്നെത്തിയ മനുഷ്യരുടെ മൂന്ന് തലമുറകളിലൂടെയുള്ള ജീവിതസഞ്ചാരമാണ് ചിത്രത്തിന്റെ കാതല്‍.

ഒരുപക്ഷെ തേയിലതോട്ടം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയായി വലസൈ പറവകളെ വിശേഷിപ്പിക്കാവുന്നതാണ്. അവരുടെ ജീവിതസാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, അതിജീവനശ്രമങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയോടൊപ്പം തന്നെ സംസ്‌കാരവുമായി ബന്ധപ്പെട്ട ചില സൂക്ഷ്മാംശങ്ങളെയും ചിത്രം പങ്കുവയ്ക്കുന്നുണ്ട്. 

തേയിലതോട്ടത്തിന്റെ ഭൂപ്രകൃതിയിലൂടെയും മലയോരത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങളിലൂടെയുമുള്ള ക്യാമറ ചലനങ്ങളിലൂടെ പ്രദേശവാസികളായ മനുഷ്യരുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ വ്യക്തമാക്കാന്‍ വലസൈ പറവള്‍ ശ്രമിക്കുന്നുണ്ട്. എക്‌സ്ട്രീം ലോങ്ങ് ഷോട്ടുകളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരേസമയം പാരിസ്ഥിതികമായ പ്രത്യേകതകളെ അടയാളപ്പെടുത്താനും അതേസമയം അവരുടെ സാമൂഹ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളെ അനുഭവിപ്പിക്കാനും ചിത്രത്തിനായി. ഡോക്യൂ-ഫിക്ഷന്‍ ജനുസ്സെന്ന് തോന്നിപ്പിക്കുന്ന ചലച്ചിത്ര മാതൃകയിലാണ് വലസൈ പറവകളുടെ ആവിഷ്‌കരണം.  


ദേശാടന പറവകള്‍ എന്ന അര്‍ഥമാണ് തമിഴില്‍ വലസൈ പറവകള്‍ എന്ന വാക്കിന് കല്‍പ്പിക്കുന്നത്. പേരിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് ഉള്ളടക്കം. തമിഴ്‌നാട്ടില്‍ നിന്നും തേയിലതോട്ടം പണിക്കായി വന്ന മനുഷ്യരുടെ അസ്ഥിത്വപ്രതിസന്ധിയെ കൂടി ചിത്രം അഭിസംബോധന ചെയ്യുന്നു. ഒരുപക്ഷെ തേയിലതോട്ടം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയായി വലസൈ പറവകളെ വിശേഷിപ്പിക്കാവുന്നതാണ്. അവരുടെ ജീവിതസാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, അതിജീവനശ്രമങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയോടൊപ്പം തന്നെ സംസ്‌കാരവുമായി ബന്ധപ്പെട്ട ചില സൂക്ഷ്മാംശങ്ങളെയും ചിത്രം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം മൂന്നോളാം തലമുറകളിലെ പ്രതിനിധികളെ സംവിധായകന്‍ കഥാപാത്രങ്ങളായി രൂപപ്പെടുത്തി. മൂന്ന് തലമുറകളിലും ഉറച്ചു നില്‍ക്കുന്ന നിരാശ അവരുടെ പ്രവര്‍ത്തികളിലൂടെ വ്യക്തമാക്കുന്നുണ്ട്. 


നില്‍ക്കുന്ന മണ്ണൊന്നും തങ്ങളുടേതല്ലെന്നും തങ്ങളുടെ അസ്ഥിത്വപ്രശ്‌നങ്ങള്‍ ഭൂമിയില്‍ അപ്രസക്തമാണെന്നുമുള്ള ധാരണകള്‍ മുഖഭാവങ്ങളിലൂടെയും ചുറ്റുപാടുകളിലൂടെയും കഥാപാത്രങ്ങള്‍ പ്രകടമാക്കുന്നുമുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയിലെ ചില സന്ദര്‍ഭങ്ങളോട് താഥാത്മ്യപ്പെടാവുന്ന സാഹചര്യങ്ങള്‍ വലസൈ പറവകളിലും പ്രകടമാണ്.

'നിസ്വാര്‍ത്ഥ സേവനം, നിര്‍ദയമര്‍ദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം '

എന്ന വരികളിലെ അനുഭവലോകത്തിന് പുതിയ കാലത്തും തുടര്‍ച്ചയുണ്ടെന്ന് സോളമനും, സലോമിയും, അന്‍പഴകുമെല്ലാം കാണിച്ചു തരുന്നുണ്ട്. ഇതോടൊപ്പം ലയങ്ങളിലെ മനുഷ്യരുടെ രാഷ്ട്രീയവും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷത്തെ സഖാവും പാസ്റ്ററും പോലുള്ള കഥാപാത്രങ്ങളിലൂടെ പ്രതിപാദിക്കുന്നുണ്ട്. ചങ്ങമ്പുഴ പറഞ്ഞു നിര്‍ത്തിയ 'നിത്യദുഃഖ'ത്തിന്റെ നേര്‍ക്കാഴ്ചയും പടര്‍ച്ചയും അഭിസംബോധന ചെയ്യാനുണ്ടായ ധൈര്യത്തിന്റെ പേര് കൂടിയാണ് വലസൈ പറവകള്‍. 


സിനിമയുടെ തിരക്കഥയും, അനില്‍ വേങ്ങാടിനൊപ്പം ചായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ഷെറി ഗോവിന്ദ് ആണ്. തമിഴ് സാഹിത്യകാരി അല്ലി ഫാത്തിമയാണ് സംഭാഷണവും ടെറ്റില്‍ സോങ്ങും എഴുതിയത്. ജോഷി പടമാടൻ ഈണം നല്‍കിയ ഗാനം രശ്മി സതീഷ് ആണ് ആലപിച്ചിരിക്കുന്നത്. മനോജ് കാന, കൃഷ്ണന്‍ കണ്ണൂര്‍, സുല്‍ത്താന്‍ അനുജിത്ത്, ജിക്കോ ഫ്രാന്‍സിസ്, പ്രസീത വി, കര്‍ണിക ജി, ശ്രീദേവി റാണി തുടങ്ങിയവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശുഭാകുമാരി എ.എന്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അമൃത സി.വി.ആര്‍

Writer

Similar News