ഫാസിസത്തിന്റെ അധികാര സങ്കല്‍പത്തിന് ഐഡിയോളജിക്കല്‍ ബേസുണ്ട് - സി.കെ അബ്ദുല്‍ അസീസ്
അധികാര കേന്ദ്രീകരണത്തിന്റെ പ്രകടിതരൂപങ്ങള്‍ എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നുവോ അതിനെതിരെ വലിയ തോതിലുള്ള ജനകീയ സമരങ്ങള്‍ കെട്ടിപ്പടുത്തു കൊണ്ട്, പല കോണുകളില്‍ നിന്നുള്ള ജനകീയ മുന്നേറ്റങ്ങളുണ്ടാവണം. അതിലൂടെ മാത്രമേ ഫാസിസത്തിന്റെ അധികാര ശക്തികളുടെ സാംസ്‌കാരിക സങ്കേതങ്ങളെ തകര്‍ക്കാന്‍ കഴിയൂ. അഭിമുഖം: മുസ്‌ലിഹ വി.എം/സി.കെ അബ്ദുല്‍ അസീസ്
കഴിഞ്ഞ മെയ് മാസം ഇരുപത്തെട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിച്ചു. അതിനെചൊല്ലി ഉണ്ടായ വിവാദങ്ങള്‍ നമ്മളെല്ലാം കേട്ടതാണ്. പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ചെങ്കോല്‍ വീണ്ടും പാര്‍ലമെന്റിന്റെ കേന്ദ്ര സ്ഥാനത്ത് വരുന്നതിനെ കുറിച്ച് വലിയ വിവാദങ്ങളൊക്കെ ഉണ്ടാക്കി. പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ അതൊരു മതപരമായ ചടങ്ങായി മാറി എന്നായിരുന്നു ഒരു പ്രധാനപ്പെട്ട വിമര്‍ശനം. കാരണം, ഹിന്ദു സന്യാസിമാരുടെ പ്രത്യേക തരത്തിലുള്ള പൂജകള്‍ ആയിരുന്നു ചടങ്ങില്‍-ചില മുസ്‌ലിം മൗലാനമാരൊക്കെ അതില്‍ സന്നിഹിതരായിരുന്നുവെങ്കിലും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു വലിയ ഉരുക്കുകോട്ട, അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ദുര്‍ഗം, അതിന്റെ പ്രഭവ കേന്ദ്രം, ഊര്‍ജ സ്രോതസ്സ് എന്നൊക്കെ പറയാവുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദേവാലയം എന്നൊക്കെ പറയാറുണ്ട്. ആ ദേവാലയം എന്നുള്ള പ്രയോഗം തന്നെ സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്പിരിറ്റിന്, അതിന്റെ അന്തഃസത്തക്ക് നിരക്കാത്ത ഒരു കാര്യമാണ്.
ഹിന്ദുത്വ രാഷ്ട്രീയത്തോട് താല്‍പര്യമുള്ള ആളുകളെയും മത പണ്ഡിതരെയും സന്യാസിമാരെയും മത മേലധ്യക്ഷന്‍മാരെയുമൊക്കെ വെച്ചുകൊണ്ട് അവരുടെ ആശീര്‍വാദത്തോടെയാണ് പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കപ്പെട്ടത്. ഇത് ലോകത്തിന്റെ ദൃഷ്ടിയില്‍ തന്നെ ഇന്ത്യയെ ചെറുതാക്കി കാണിക്കുന്ന ഒന്നായിമാറി എന്നത് തീര്‍ച്ചയാണ്. ലോക രാഷ്ട്രങ്ങളുടെയും ലോക ജനതയുടെയും മുന്നില്‍ ഇന്ത്യന്‍ മതേതരത്തെയും ജനാധിപത്യത്തെയും ഉള്ളു പൊള്ളയായി അവതരിപ്പിക്കുന്ന ഒരു സംഭവമായി മാറി ഇത്.
ഇതു പറയുമ്പോഴും നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, പ്രാതിനിധ്യ വോട്ടവകാശ സമ്പ്രദായത്തിലൂടെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് നമ്മുടെ പാര്‍ലമെന്റിലേക്കുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്. ഈ സിസ്റ്റമാണ് നിലനില്‍ക്കുന്നത് എങ്കില്‍ പോലും ഈ പ്രക്രിയയില്‍ ജാതിയേയും മതത്തേയും നിര്‍ബാധം ഉപയോഗിക്കുന്ന ഒരു രീതി എല്ലാ തെരഞ്ഞെടുപ്പിലും നമ്മള്‍ കാണുന്നതാണ്. നരേന്ദ്രമോദി വരാണസിയില്‍ മത്സരിക്കുമ്പോള്‍ ഗംഗയില്‍ പോയി മതപരമായ ചടങ്ങുകള്‍ അനുഷ്ഠിച്ചു, രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തി. ഇതൊന്നും ഇവരായിട്ടു തുടങ്ങി വെച്ചതല്ല, ഈ സമ്പ്രദായം 1952ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പു മുതല്‍ ഉണ്ട്. പലതരം മത ദിവ്യന്‍മാരുടെ അനുഗ്രഹം തേടിപ്പോയി ഭൂരിപക്ഷ ജനതയുടെ വോട്ടുകള്‍ കരസ്ഥമാക്കുക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുബാങ്ക് ഉത്പാദകരായി നില്‍ക്കുന്ന മൗലാനമാരെ പ്രീതിപെടുത്തുക എന്നതെല്ലാം നേരത്തേയും ഉണ്ട്.
പ്രാതിനിധ്യ വോട്ടവകാശ സമ്പ്രദായത്തിലൂടെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് നമ്മുടെ പാര്‍ലമെന്റിലേക്കുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്. ഈ സിസ്റ്റമാണ് നിലനില്‍ക്കുന്നത് എങ്കില്‍ പോലും ഈ പ്രക്രിയയില്‍ ജാതിയേയും മതത്തേയും നിര്‍ബാധം ഉപയോഗിക്കുന്ന ഒരു രീതി എല്ലാ തെരഞ്ഞെടുപ്പിലും നമ്മള്‍ കാണുന്നതാണ്.
മതത്തെ ഏതൊക്കെ അളവില്‍ ആണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന് 52 മുതല്‍ ഇന്ന് വരെയുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ പറ്റും. ഇതിലൊരു വ്യത്യാസമുള്ളത് ആദ്യകാലങ്ങളില്‍ അത് കൂടുതല്‍ ജാതി കേന്ദ്രീകൃതമായിരുന്നു എന്നതാണ്. ഡെമോക്രാറ്റിക്ക് എംപവര്‍മെന്റ് എന്നത് ജാതികളുടെ അധികാരം താഴത്തേക്കിറക്കിയിരുന്നു. എങ്കില്‍പോലും ജാതി രാഷ്ട്രീയത്തിന് ഇന്ത്യന്‍ ജനധിപത്യത്തില്‍ ഒരു പങ്കാളിത്തമുണ്ടായിരുന്നു, അത് പലപ്പോഴും നിര്‍ണായകവുമായിരുന്നു. ഇപ്പോള്‍ ബി.ജെ.പി ചെയ്തത് ആ പങ്കാളിത്തത്തെ പിളര്‍ത്തിക്കൊണ്ട് ജാതിക്കു പകരം ഹിന്ദുത്വ എന്ന പ്രത്യയ ശാസ്ത്ര പ്രതീകം മുന്നോട്ടു വെക്കുകയായിരുന്നു. അതിലാണ് അവര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുള്ളത്.
ജനാധിപത്യത്തില്‍ മതത്തിന് അധികാര സ്ഥാനങ്ങളില്‍ ഇത്രത്തോളം പ്രാധാന്യം കിട്ടിയപ്പോഴും, മതം ജനാധിപത്യ അധികാരത്തിന്റെ സമാന്തരശക്തിയായി തെരഞ്ഞെടുപ്പുകളിലും സാമൂഹ്യ ജനാധിപത്യ സ്ഥാപനങ്ങളിലുമൊക്കെ വലിയ മുന്‍ഗണനയും മേധാവിത്വവും ചെലുത്തിയപ്പോഴും അപ്രതിരോധ്യമായി എന്തുകൊണ്ടാണ് അതു തുടര്‍ന്നു പോയത്. എന്തുകൊണ്ടാണ് അതിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികള്‍ തയ്യാറാവാതിരുന്നത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ ആരും ഇത് ചോദ്യം ചെയ്യില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ് പ്രധാനം. അപ്പോള്‍ തെരഞ്ഞെടുപ്പിനു വിജയിക്കാനുള്ള എല്ലാ അടവുകളും പയറ്റും. ഇപ്പോള്‍ മതേതര ജനാധിപത്യത്തിന്റെ ശത്രുപക്ഷം ഉപയോഗിക്കുന്ന അതേ ടൈറ്റില്‍ തന്നെ മതേതര പാര്‍ട്ടികളും ഉപയോഗിക്കുന്നു. തീവ്ര ഹിന്ദുത്വത്തിനു പകരം മൃദു ഹിന്ദുത്വം ഉപയോഗിക്കുക എന്നൊക്കെ നമ്മള്‍ പലപ്പോഴും പറയാറുള്ളത് അതാണ്. അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ചൊന്നും ജനങ്ങളെ ബോധവത്കരിക്കുകയോ ജനങ്ങളുടെ അഭിപ്രായ രൂപീകരണം ജനാധിപത്യപരമാവണം എന്ന കാര്യത്തില്‍ ഒരു ശാഠ്യം വെച്ചുപുലര്‍ത്തുകയോ ചെയ്യാതെ പാര്‍ട്ടികള്‍ക്ക് ജയിക്കാനുള്ള എല്ലാ മതേതര ജനാധിപത്യ വിരുദ്ധമായ കുതന്ത്രങ്ങളും പ്രയോഗിച്ചു കൊണ്ടാണ് ഇത്രയും കാലം പാര്‍ട്ടികള്‍ മുന്നോട്ടുപോകുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന ദൗര്‍ബല്യത്തെ മുതലെടുത്തു കൊണ്ടാണ് സംഘപരിവാറിന് ശക്തി പ്രാപിക്കാന്‍ സാധിച്ചത്. അപ്പോള്‍ ഈ അടിസ്ഥാന വൈകല്യം പരിഹരിക്കണമെങ്കില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇത്രയും കാലം പ്രചരിപ്പിച്ചതിനെതിരായി, അതിനെ ക്ലീന്‍ ചെയ്യാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ ഇപ്പോഴും മതേതര ശക്തികള്‍ വ്യാപൃതരല്ല.
എന്തുകൊണ്ടാണ് ഇത് ചെറുക്കാതിരിക്കുന്നത്. അതിന്റെ ഒരു പ്രധാന പ്രശ്‌നം ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ്. ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവകാലത്ത് ഹിന്ദു ഭൂരിപക്ഷ വാദം എന്നുള്ളതിന്റെ ഒരു ഒരു പ്രാകൃത രൂപം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക്കിടയിലുള്ള യുദ്ധത്തിന്റെ ഒരു വലിയ പശ്ചാത്തലമുണ്ടായിരുന്നു. ആ പശ്ചാതലത്തില്‍ നിന്നാണ് മതങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധവും എന്നുള്ള ഒരു പുതിയ ഫോര്‍മുല തന്നെ ഉണ്ടായി വന്നത് എന്നത് രാഷ്ട്രീയ പണ്ഡിതര്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട വിഷയം, യൂറോപ്യന്‍ ക്രിസ്ത്യാനിറ്റിയുടെ, അല്ലെങ്കില്‍ യൂറോപ്യന്‍ മുതലാളിത്തത്തിന്റെ അതുമല്ലെങ്കില്‍ അവര്‍ക്കിടയിലുള്ള വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന പുതിയ വൈരുധ്യമാണ് മുസ്‌ലിം വിരോധം എന്നത്. ആ മുസ്‌ലിം വിരോധത്തെ ഇന്ത്യയില്‍ പ്രതിഷ്ഠിച്ചത്, അതായത് ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും നിതാന്ത ശത്രുക്കള്‍ ആണെന്നും അതുകൊണ്ട് ഹിന്ദുക്കളുടെ സംരക്ഷണത്തിന് ബ്രിട്ടീഷുകാരെ പിന്തുണക്കണെമന്നുള്ള വാദം ഉയര്‍ത്തിയത് ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാരുടെ ദൈവദത്തമായ ഒരു കൃത്യമാണ് മുസ്‌ലിംകളുടെ ആക്രമണത്തിനും അടിച്ചമര്‍ത്തലിനും ഇരയാവുന്ന ആളുകളെ സംരക്ഷിക്കല്‍ എന്ന തരത്തില്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ബ്രിട്ടീഷുക്കാരുണ്ടാക്കിയ ചില സിദ്ധാന്തങ്ങളാണ് ഈ മത വൈരം യാഥാര്‍ഥത്തില്‍.
അതിനുമുമ്പ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ അധികാര തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ആ അധികാര തര്‍ക്കങ്ങള്‍ ഒരിക്കലും ഒരു അന്യമത വിരോധത്തിന്റെ രൂപത്തില്‍ സാധാരണക്കാര്‍ക്കിടയിലേക്ക് ഊര്‍ന്നിറങ്ങുകയോ ആ തരത്തിലുള്ള ഒരു അന്യമത വിരോധം ചരിത്രപരമായി ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുകയോ ചെയ്തിട്ടില്ല. ഈ ഓറിയന്റലിസ്റ്റുകള്‍ ഇന്ത്യന്‍ ചരിത്രത്തെ തന്നെ ദുര്‍വ്യാഖ്യാനിച്ചതിന്റെ പരിണിതഫലമായി ഇന്ത്യന്‍ ദേശീയതയില്‍ ഇത്തരത്തിലുള്ള ഒരു ഹിന്ദു ഭൂരിപക്ഷ വാദത്തിന്റെ വിത്തുകള്‍, അല്ലെങ്കില്‍ അതിന് സൈദ്ധാന്തികമായ ഒരു അടിത്തറ പാകി കൊടുക്കുന്നത് ബ്രിട്ടീഷുകാരാണ്. അതിനെയാണ് ആ കാലത്തുള്ള ഹിന്ദു ദേശീയ വാദികള്‍ ഉപയോഗിച്ചു വന്നത്.
കൊളോണിയല്‍ വംശശാസ്ത്ര നിഗമനങ്ങളുടെ സ്വാധീനം ഗാന്ധിക്കുണ്ടായിരുന്നു എങ്കിലും ഗാന്ധി ഒരിക്കലും കൊളോണിയല്‍ സിദ്ധാന്തങ്ങളെ പൂര്‍ണമായി അംഗീകരിച്ചില്ല. എന്നു മാത്രമല്ല, ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ചരിത്രപരമായി ശത്രുത ഉണ്ട് എന്നുള്ള വാദം നഖശിഖാന്തം എതിര്‍ത്ത ആളാണ് ഗാന്ധി.
സ്വാതന്ത്ര സമരത്തിലും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലുമൊക്കെ മുസ്‌ലിംകള്‍ എന്ന് പറഞ്ഞാല്‍ സ്വാഭാവികമായും അക്രമകാരികളും ഹിന്ദുക്കള്‍ എന്നു പറഞ്ഞാല്‍ സഹിഷ്ണുതാവാദികളും എന്നുള്ള ഈ ബ്രിട്ടീഷ് സിദ്ധാന്തം പലപ്പോഴും ഉപയോഗിക്കപ്പെടുകയുണ്ടായി. ഇതിന്റെ മറപിടിച്ചു കൊണ്ടാണ് യഥാര്‍ഥത്തില്‍ ആ കാലഘട്ടത്തില്‍, മുപ്പതുകള്‍ക്ക് ശേഷം സംഘ്പരിവാര്‍ ശക്തികള്‍ ഈ ഓറിയന്റലിസ്റ്റ് സിദ്ധാന്തത്തെ സാമൂഹ്യവത്കരിച്ചത്. ഇതിനെ ഒരു പരിധി വരെ ചെറുത്തു നില്‍ക്കാന്‍ ഗാന്ധിയുടെ കാലത്ത് കഴിഞ്ഞിട്ടുണ്ട്. കൊളോണിയല്‍ വംശശാസ്ത്ര നിഗമനങ്ങളുടെ സ്വാധീനം ഗാന്ധിക്കുണ്ടായിരുന്നു എങ്കിലും ഗാന്ധി ഒരിക്കലും കൊളോണിയല്‍ സിദ്ധാന്തങ്ങളെ പൂര്‍ണമായി അംഗീകരിച്ചില്ല. എന്നു മാത്രമല്ല, ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ചരിത്രപരമായി ശത്രുത ഉണ്ട് എന്നുള്ള വാദം നഖശിഖാന്തം എതിര്‍ത്ത ആളാണ് ഗാന്ധി. ഗാന്ധിയെ വധിച്ചതിനു ശേഷം ഇന്ത്യാ രാജ്യത്തു വീണ്ടും-ഏത് കൊളോണിയല്‍ സിദ്ധാന്തത്തെയാണോ ഗാന്ധി എതിര്‍ത്തത് ആ കൊളോണിയല്‍ സിന്ധാന്തം തന്നെ- സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയം ഭാഗികമായിട്ടെങ്കിലും സ്വീകരിച്ചു എന്നുള്ളതാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന ദൗര്‍ബല്യത്തെ മുതലെടുത്തു കൊണ്ടാണ് സംഘപരിവാറിന് ശക്തി പ്രാപിക്കാന്‍ സാധിച്ചത്. അപ്പോള്‍ ഈ അടിസ്ഥാന വൈകല്യം പരിഹരിക്കണമെങ്കില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇത്രയും കാലം പ്രചരിപ്പിച്ചതിനെതിരായി, അതിനെ ക്ലീന്‍ ചെയ്യാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ ഇപ്പോഴും മതേതര ശക്തികള്‍ വ്യാപൃതരല്ല. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത അവരുടെ സാമാന്യബോധത്തില്‍ കുത്തിച്ചെലുത്തിയിട്ടുള്ള അന്യമതവിരോധത്തിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ നടക്കേണ്ട ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്.
ആ സാംസ്‌കാരിക പ്രവര്‍ത്തനം കൃത്യമായി നടന്നിട്ടില്ലെങ്കില്‍, ഇപ്പോള്‍ സംഘ്പരിവാര്‍ മുന്നില്‍ കാണുന്ന നിലവിലുള്ള ദൗര്‍ബല്യങ്ങളെ പരിഹരിച്ചു കൊണ്ട് അവര്‍ക്ക് അതിവേഗം മുന്നേറാന്‍ കഴിയും. കാരണം, താത്കാലികമായി കിട്ടുന്ന തിരിച്ചടികളെ ഒക്കെ അതിലംഘിച്ചു കൊണ്ട് അവര്‍ക്ക് മുന്നേറാന്‍ പറ്റുന്ന ഒരു സാംസ്‌കാരിക അടിത്തറ ഇപ്പോഴും ആളുകളുടെ ബോധതലത്തില്‍ ആഴത്തില്‍ നിലനില്‍ക്കുന്നുണ്ട്, ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും. ദക്ഷിണേന്ത്യയില്‍ അത് അത്രകണ്ടില്ല, കാരണം ഉത്തരേന്ത്യയുടെ അത്ര ആഴം അവര്‍ക്ക് ദക്ഷിണേന്ത്യയിലുണ്ട് എന്ന് കരുതുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പക്ഷെ, എല്ലാ കാലത്തും ഫാസിസത്തിന്റെ അധികാര സങ്കല്‍പത്തിനു ഒരു ഐഡിയോളജിക്കല്‍ ബേസുണ്ട്. അതുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇളകാതെ നില്‍ക്കുന്നത്.
പക്ഷേ, പ്രയോഗത്തില്‍ എന്താണ് സംഭവിക്കുക എന്നതും പരിശോധിക്കണം. മുസോളനിയുടെ കാലത്ത് ഇറ്റലിയില്‍ കണ്ടകാര്യം, മുസോളനിയുടെ പ്രഭാവം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് എല്ലാം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ, കുറച്ചു കഴിയുമ്പോള്‍ അക്രമവും അരാജകത്വവുമൊക്കെ സോഷ്യലൈസ് ചെയ്യപ്പെടുമ്പോള്‍ കേന്ദ്ര നേതൃതത്തിന് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത രൂപത്തില്‍ സാധാരണക്കാരുടെ ഇടയില്‍ വ്യാപരിക്കും. അധികാരം മാത്രം ഒരു ചെറു പക്ഷം ആളുകള്‍ കയ്യില്‍ വെക്കുകയും ചെയ്യും. എന്താണ് ഈ സമഗ്രാധിപത്യത്തിന്റെ അര്‍ഥം. അതുകൂടി മനസ്സിലാക്കണം. എന്തിനാണ് ഇങ്ങനെ അധികാര കേന്ദ്രീകരണം നടത്തുന്നത്.
അധികാരത്തില്‍ കേന്ദ്രീകരണം നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം ഇന്ത്യയിലെ ഫിനാന്‍സ് മൂലധന ശക്തികളുടെ ഒരു വിഭാഗത്തിന്റെ താല്‍പര്യമാണ്. സാമ്പത്തിക രംഗത്തു നടക്കുന്ന ഈ കുത്തക വത്കരണത്തിന് ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. ആ സ്വഭാവത്തിനു സമാന്തരമായിട്ടാണ് അധികാര കേന്ദ്രീകരണം നടക്കുന്നത്. ഇത് രണ്ടും പരസ്പര പൂരകമായിട്ടാണ് പോകുന്നത്. അത് സംഘ്പരിവാര്‍ വിചാരിച്ചാല്‍ പരിഹരിക്കാനാവില്ല. സാധാരണക്കാരായ ജനങ്ങള്‍ അവര്‍ ജനാധിപത്യ വോട്ടവകാശ സമ്പ്രദായത്തിലൂടെ ഈ ഗവര്‍ണ്‍മെന്റിനെ താഴെ ഇറക്കിയാല്‍ പോലും അത് സാധ്യമല്ല. ഇത് ഇവിടെ കുറേ കാലമായുള്ള സുസ്ഥിരമായ ഒരു കാര്യമാണ്. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഇതിന് തെരഞ്ഞെടുപ്പു മാത്രം പോര, വലിയ തോതിലുള്ള ജനകീയ സമരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തില്‍ എവിടെയെല്ലാം കേന്ദ്രീകൃത ശക്തികള്‍ പ്രത്യക്ഷപ്പെടുന്നുവോ, അത് കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അത്തരത്തിലുള്ള അധികാര കേന്ദ്രീകരണത്തിന് എതിരെ തുറന്ന വിമര്‍ശനം മാത്രം ഉണ്ടായാല്‍ പോരാ. അധികാര കേന്ദ്രീകരണത്തിന്റെ പ്രകടിതരൂപങ്ങള്‍ എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നുവോ അതിനെതിരെ വലിയ തോതിലുള്ള ജനകീയ സമരങ്ങള്‍ കെട്ടിപ്പടുത്തു കൊണ്ട്, പല കോണുകളില്‍ നിന്നുള്ള ജനകീയ മുന്നേറ്റങ്ങളുണ്ടാവണം. അതിലൂടെ മാത്രമേ ഫാസിസത്തിന്റെ അധികാര ശക്തികളുടെ സാംസ്‌കാരിക സങ്കേതങ്ങളെ തകര്‍ക്കാന്‍ കഴിയൂ. ആ സങ്കേതങ്ങളെ തകര്‍ത്തുകൊണ്ട്, ഒരുതരത്തിലും അവര്‍ക്ക് അധികാരത്തില്‍ നിലനില്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷം ജനങ്ങളുടെ മനസ്സില്‍ ആത്മനിഷ്ഠമായും സൃഷ്ടിക്കപ്പെടണം.