മി ടൂ കാമ്പയിനില്‍ കുടുങ്ങിയ സംവിധായകന്‍റെ ചിത്രത്തില്‍ നിന്നും ആമീര്‍ ഖാന്‍ പിന്‍മാറി
മൊഗുളിന്‍റെ സംവിധാനച്ചുമതലയിൽ നിന്ന് സുഭാഷ് കപൂറിനെ നീക്കിയതായി സിനിമയുടെ നിർമാതാവും അറിയിച്ചു
മീ ടൂ കാമ്പയിനിൽ ആടി ഉലയുന്ന ബോളീവുഡില്‍ ഏറ്റവും പുതിയ ആരോപണം ഉയർന്നത് സംവിധായകൻ സുഭാഷ് കപൂറിനെതിരെയാണ്. ഇതേ തുടർന്ന് സുഭാഷ് കപൂറിന്‍റെ പുതിയ ചിത്രം മൊഗുളിൽ നിന്ന് നടൻ ആമിർ ഖാൻ പിന്മാറി. മൊഗുളിന്‍റെ സംവിധാനച്ചുമതലയിൽ നിന്ന് സുഭാഷ് കപൂറിനെ നീക്കിയതായി സിനിമയുടെ നിർമാതാവും അറിയിച്ചു.
സംവിധായകൻ സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗിയാണ് ലൈംഗീക പീഡന പരാതി ഉന്നയിച്ചത്. ഭാര്യയുടെ സാന്നിധ്യത്തിൽ വെച്ച് സുഭാഷ് കപൂറിന്‍റെ മുഖത്ത് ഗീതിക അടിക്കുന്ന ദൃശ്യങ്ങളും ഇന്‍റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന മൊഗുളിൽ നിന്ന് പിൻമാറുന്നതായി ആമിർ ഖാൻ അറിയിച്ചത്. ആമിർ ഖാനും ഭാര്യ കിരൺ റാവുവും സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു പ്രഖ്യാപനം. കലാകാരന്മാർ എന്ന നിലയിൽ സാമൂഹിക വിഷയങ്ങളിൽ പരിഹാരം കാണാൻ ശ്രമിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും ആമിർ ഖാൻ പ്രൊഡക്ഷൻസ് എന്ന കമ്പനിയിൽ ഒരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. ആമിർഖാൻ പ്രൊഡക്ഷൻസിന്‍റെ പങ്കാളിത്തത്തോടെ നിർമിക്കുന്ന പുതിയ ചിത്രത്തിലെ സഹപ്രവർത്തകനെതിരെ ലൈംഗീകാരോപണം ഉയർന്നത് ശ്രദ്ധയിൽപെട്ടു. അദ്ദേഹത്തിന്‍റെ നിരപരാധിത്വം കോടതിയിലാണ് തെളിയേണ്ടത്. അതുവരെ ഇരയെ മാനസികമായി തളർത്തുന്ന ഒരു പ്രവർത്തനവും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് പിൻമാറുന്നതായും ആമിർ അറിയിച്ചു.
ആമിർ ഖാൻ പ്രൊഡക്ഷൻസുമായി സഹകരിച്ചായിരുന്നു മൊഗുളിന്‍റെ നിർമാണം. അതേസമയം സംവിധായക സ്ഥാനത്ത് നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി സഹനിർമാതാവ് ഭൂഷൺ കുമാർ അറിയിച്ചു. ഭൂഷൺ കുമാറിന്‍റെ അച്ഛനും ടി സീരീസിന്‍റെ സ്ഥാപകനുമായ ഗുൽഷൻ കുമാറിന്‍റെ ജീവിതമായിരുന്നു മുഗുൾ എന്ന സിനിമക്ക് ആധാരം. 2014ൽ സുഭാഷ് കപൂർ അപമാനിച്ചെന്നാണ് ഗീതിക ത്യാഗിയുടെ പരാതി. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് സുഭാഷ് കപൂറിന്‍റെ നിലപാട്.