ആംബുലന്‍സില്ല, ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോയത് കട്ടിലില്‍, വഴിമധ്യേ കുഞ്ഞു മരിച്ചു
രാജ്യഗഡ ജില്ലയിലുള്ള പര്‍സാലി പഞ്ചായത്തിലെ ഫകേരി ഗ്രാമത്തിലുള്ള അലീം സികാക എന്ന യുവതിക്കാണ് ഈ ദുരന്താവസ്ഥ ഉണ്ടായത്
ആംബുലന്‍സ് നിഷേധ വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ തുടരുകയാണ്, അതോടൊപ്പമുള്ള ദുരന്തങ്ങളും. ഒഡിഷയില്‍ ആംബുലന്‍സില്ലാത്തത് മൂലം ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും യാത്രാമധ്യേ യുവതി ചാപിള്ളയെ പ്രസവിച്ചതുമാണ് ഏറ്റവും അടുത്ത വാര്‍ത്ത.
രാജ്യഗഡ ജില്ലയിലുള്ള പര്‍സാലി പഞ്ചായത്തിലെ ഫകേരി ഗ്രാമത്തിലുള്ള അലീം സികാക എന്ന യുവതിക്കാണ് ഈ ദുരന്താവസ്ഥ ഉണ്ടായത്. മലമ്പ്രദേശമായ ഇവിടെ കിലോമീറ്ററുകള്‍ താണ്ടി വേണം ആശുപത്രിയിലെത്താന്‍. അലീമക്ക് പ്രസവ വേദന വന്നപ്പോള്‍ ആംബുലന്‍സ് കിട്ടാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ചെറിയ കട്ടിലില്‍ ഗര്‍ഭിണിയെ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി ചാപിള്ളയെ പ്രസവിച്ചത്. യാത്രാമധ്യേ ഒരു പിക്കപ്പ് വാന്‍ കിട്ടിയെങ്കിലും കല്യാണി നദി കടന്നു വേണമായിരുന്നു ആശുപത്രിയിലെത്താന്‍. ഇതിനായി വീണ്ടും യുവതിയെ കട്ടിലില്‍ കിടത്തി പുഴ കടക്കുകയായിരുന്നു. മുട്ടൊപ്പം വെള്ളത്തില്‍ നീന്തിയാണ് ഇവരെ പുഴ കടത്തിയത്. ഈ സമയത്താണ് അലീമ പ്രസവിച്ചത്. തുടര്‍ന്ന് അവശനിലയിലായ അലീമയെ കല്യാണ്‍സിംഗപൂരിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം സാജാ ഗാവ് ഗ്രാമത്തില്‍ നടന്നിരുന്നു. ഗര്‍ഭിണിയായ സിജ മിനിക എന്ന യുവതിയെ ആംബുലന്‍സ് കിട്ടാത്തത് മൂലം സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കല്യാണ്‍സിംഗപൂര്‍ ബ്ലോക്കിന് കീഴില്‍ തന്നെയുള്ള സികര്‍പാ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് ഇവരെയും അഡ്മിറ്റ് ചെയ്തത്. മലമ്പ്രേദശമായ ഇവിടെ പാലവും റോഡുമില്ലാത്തത് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.