സൈന്യത്തിനെതിരായ ആരോപണങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2018-04-23 10:15 GMT
സൈന്യത്തിനെതിരായ ആരോപണങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
Advertising

സൈന്യത്തിനെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

സൈന്യത്തിനെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധികാര പരിമിതി ഇതിന് സമ്മതിക്കില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

മണിപ്പൂര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം കമ്മീഷന്‍ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂരില്‍ മാത്രം 1500 മനുഷ്യാവകാശ ലംഘനങ്ങളാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. കശ്മീരിനെയും വടക്ക് കിഴക്കന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും കൂടി പരിഗണിക്കുമ്പോള്‍ കേസുകളുടെ എണ്ണം വലിയ തോതില്‍ കൂടും. എന്നാല്‍ ഇത്തരമൊരു അന്വേഷണം സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനേ മനുഷ്യാവകാശ കമ്മീഷന് സാധിക്കുകയുള്ളൂ എന്നും അന്വേഷിക്കാനുള്ള അധികാരം കമ്മീഷന് ഇല്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി സുപ്രീംകോടതിയില്‍ പറഞ്ഞു.

ആരോപണങ്ങള്‍ സൈന്യം തന്നെ അന്വേഷിക്കട്ടെയെന്നും എജി ജസ്റ്റിസുമാരായ എം ബി ലോകുര്‍, യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചിനെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാമെന്നും നിയമപരമായി അസംബന്ധമാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉന്നയിച്ചതെന്നും എജി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് മൂല്യം ഉണ്ടാകണമെന്നും അല്ലെങ്കില്‍ ഇതുകൊണ്ട് യാതൊരു വിധ ഉപകാരവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എജിയുടെ വാദം കേട്ട ബെഞ്ച് കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ലമെന്റ് യാതൊരു വിധ ചര്‍ച്ചയും നടത്താത്തതിലെ ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News