പത്ത് രൂപ നാണയങ്ങള്‍ കൂട്ടി അവര്‍ അച്ഛനൊരു സ്കൂട്ടര്‍ വാങ്ങിക്കൊടുത്തു
രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പതിമൂന്നുകാരിയും അവളുടെ അനിയനും ചേര്‍ന്നാണ് അച്ഛന് സ്കൂട്ടര്‍ വാങ്ങിക്കൊടുത്തത്
ആഘോഷങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്നുള്ളത് ഒരു പതിവാണ്. സാധാരണയായി കുട്ടികള്‍ക്കായിരിക്കും സമ്മാനങ്ങള്‍ കൂടുതല്‍ കിട്ടുക. മാതാപിതാക്കള്‍ക്ക് കിട്ടുക വിരളമായിരിക്കും. എന്നാല്‍ ഇവിടെ രണ്ട് മക്കള്‍ സ്വന്തം പിതാവിനെ തങ്ങളുടെ വില മതിക്കാനാവാത്ത സ്നേഹം കൊണ്ട് തോല്‍പിച്ചിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ അവര്‍ അച്ഛന് നല്‍കിയ സമ്മാനം അത്ര വിലപ്പെട്ടതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചേച്ചിക്കും അനിയനും ലഭിച്ച പത്ത് രൂപ നാണയങ്ങള്‍ കൂട്ടിവച്ച സമ്പാദ്യം കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട അച്ഛന് ഒരു സ്കൂട്ടര്‍ വാങ്ങിക്കൊടുത്തു. 62,000 വില വരുന്ന ഹോണ്ട ആക്ടീവ.
രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പതിമൂന്നുകാരിയായ രൂപാലും അനിയന്‍ എട്ടു വയസുകാരനായ യാഷിലും ചേര്‍ന്നാണ് അച്ഛന് സ്കൂട്ടര്‍ വാങ്ങിക്കൊടുത്തത്. പത്ത് രൂപ നാണയങ്ങളുമായി ഒരു ബന്ധുവിനൊപ്പം ഉദയ്പൂരിലെ ഹോണ്ട ഷോറൂമില്‍ കുട്ടികളെത്തിയപ്പോള്‍ തമാശയായിട്ടാണ് മാനേജര്‍ ആദ്യം കരുതിയത്. വാഹനം കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അച്ഛന് സമ്മാനമായി കൊടുക്കാന്‍ വേണ്ടിയാണെന്നും തങ്ങളുടെ രണ്ട് വര്‍ഷത്തെ സമ്പാദ്യമാണെന്നും പറഞ്ഞതോടെ മാനേജര്‍ സമ്മതിച്ചു. രണ്ടര മണിക്കൂര്‍ ചെലവിട്ട് ബാഗിലെ പത്ത് രൂപ നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. ഒരു ചെറുകിട മില്‍ നടത്തുകയാണ് കുട്ടിളുടെ പിതാവ്. കുട്ടികള്‍ക്ക് പോക്കറ്റ് മണിയായി നല്‍കിയിരുന്ന പൈസയാണ് അവര്‍ കൂട്ടിവച്ച് അച്ഛന് സമ്മാനം വാങ്ങിയത്.