ബിജെപി എംഎല്‍എ ഭാര്യക്ക് ലംബോര്‍ഗിനി സമ്മാനിച്ചു; പുലിവാലായി ആദ്യ ഓട്ടത്തില്‍ അപകടം
ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി നല്കിയ മൂന്നരക്കോടി രൂപ വില മതിക്കുന്ന ലംബോര്‍ഗിനി കാര്‍ ഒടുവില്‍ പുലിവാലായിരിക്കുകയാണ് ബിജെപി എംഎല്‍എ നരേന്ദ്ര മേത്തക്ക്.
ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി നല്കിയ മൂന്നരക്കോടി രൂപ വില മതിക്കുന്ന ലംബോര്‍ഗിനി കാര്‍ ഒടുവില്‍ പുലിവാലായിരിക്കുകയാണ് ബിജെപി എംഎല്‍എ നരേന്ദ്ര മേത്തക്ക്. ആദ്യ ഓട്ടത്തില്‍ തന്നെ നിയന്ത്രണംവിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയതാണ് ബിജെപി എംഎല്‍എക്ക് തലവേദനയായത്. ഭര്‍ത്താവ് സമ്മാനമായി നല്കിയ കാര്‍ ആദ്യമായി ഓടിച്ചതിന്റെ ആവേശത്തില്‍ നിലമറന്ന സുമന് മേത്തയുടെ നിയന്ത്രണംവിട്ടു. ആദ്യമായി ലംബോര്‍ഗിനി ഓടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു അപകടം. മുംബൈയിലെ മിര ഭയന്ദര്‍ റോഡിലാണ് സംഭവം. വളരെ സന്തോഷത്തോടെ ഫേസ്ബുക്കില്‍ തന്റെ ഭാര്യക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് പോസ്റ്റൊക്കെയിട്ടു കഴിഞ്ഞായിരുന്നു ലംബോര്‍ഗിനിയുമായി സുമന്റെ അടുത്തെത്തിയത്. ഏതായാലും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാറില്‍ നിന്നു രക്ഷപെടാന്‍ ഓട്ടോറിക്ഷയുടെ സമീപമുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ ഓടിമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നഷ്ടപരിഹാരം നല്കാന് നരേന്ദ്ര മേത്ത മുന്‍കൈ എടുത്തതോടെ കേസ് വേണ്ടെന്ന് വയ്ക്കാന്‍ ഓട്ടോറിക്ഷാ ഉടമക്ക് അധികം ആലോചിക്കേണ്ടിയും വന്നില്ല. ഏതായാലും ലംബോര്‍ഗിനിയുടെ മരണപ്പാച്ചില്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.