ഈ നാട്ടിലേക്ക് മരുമകളായി എത്താന്‍ ഒരു പെണ്‍കുട്ടിയും തയാറല്ല... കാരണം ?

Update: 2018-05-28 23:57 GMT
Editor : admin
ഈ നാട്ടിലേക്ക് മരുമകളായി എത്താന്‍ ഒരു പെണ്‍കുട്ടിയും തയാറല്ല... കാരണം ?
Advertising

മധ്യപ്രദേശില്‍ ചത്തര്‍പൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമമാണ് തെഹ്‍രിമാരിയ.

മധ്യപ്രദേശില്‍ ചത്തര്‍പൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമമാണ് തെഹ്‍രിമാരിയ. കടുത്ത വരള്‍ച്ച നേരിടുന്ന പ്രദേശമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ഗ്രാമത്തിന്റെ ആകാശത്ത് കാര്‍മേഘങ്ങള്‍ കൂട്ടുകൂടിയിട്ടില്ല. ഭൂമിയെ കുളിരണിയിക്കാന്‍, വിണ്ടുകീറിയ മണ്ണിന്റെ ദാഹമകറ്റാന്‍ ഒരു മഴത്തുള്ളി പോലുമില്ല. കടുത്ത വരള്‍ച്ചയും ജലദൌര്‍ലഭ്യതയും നേരിടുന്ന തെഹ്‍രിമാരിയ ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കള്‍ പുതിയൊരു പ്രശ്നത്തെ നേരിടുകയാണ്. ഇവരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നില്ല. കാരണം വേറൊന്നുമല്ല, കുടിവെള്ളം പോലുമില്ലാത്ത ഈ ഗ്രാമത്തിലേക്ക് മരുമകളായി എത്താന്‍ യുവതികള്‍ക്ക് ഇഷ്ടമല്ല എന്നതു തന്നെയാണ് കാരണം.

മോഹന്‍ യാദവ് എന്ന 32 കാരന്‍ ജീവിതപങ്കാളിയെ തിരയാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തോളമായി. തെഹ്‍രിമാരിയ എന്ന ഗ്രാമത്തിന്റെ പേര് കേട്ടാല്‍ തന്നെ പെണ്‍കുട്ടികള്‍ മുഖംതിരിക്കുമെന്ന് ഗ്രാമവാസികള്‍ പറയുന്നു. മോഹനെ പോലെ നിരവധി യുവാക്കളാണ് സമാന പ്രശ്നം നേരിടുന്നത്. നിങ്ങളുടെ ഗ്രാമത്തില്‍ വെള്ളമില്ലെന്നും വിവാഹം കഴിഞ്ഞാല്‍ തന്റെ മകള്‍ ജലത്തിനായി കിലോമീറ്ററുകള്‍ കുടവുമേന്തി നടക്കേണ്ടി വരുമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്ന കാരണം. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഒരു അണക്കെട്ട് നിര്‍മിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹകാര്യത്തില്‍ മാത്രമല്ല, കൃഷിയും വരുമാനവുമെല്ലാം നശിച്ചു. കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ലാത്ത ഈ നാട്ടുകാര്‍ നരകജീവിതമാണ് നയിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം രാഷ്ട്രീയക്കാരുടെ ഭൂപടത്തില്‍ തെളിഞ്ഞുവരുന്ന ഈ നാടിന്റെ പ്രശ്നങ്ങള്‍ക്ക് നേരെ നേതാക്കള്‍ സൌകര്യപൂര്‍വം കണ്ണടക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഒരു സാധാരണ ജീവിതം കൊതിക്കുകയാണ് ഈ ഗ്രാമവാസികള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News